
തിരുവനന്തപുരം: വായ്പാ തിരിച്ചടവിനും ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി വരുംവർഷങ്ങളിലേക്ക് സംസ്ഥാനത്തിന് കിഫ്ബി വരുത്തിയ ബാദ്ധ്യത 70,415.54 കോടിയെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. വായ്പാ തിരിച്ചടവ് 2041-42 വരെ തുടരും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂടാതെയുള്ള ബാദ്ധ്യതയാണിത്. കഴിഞ്ഞ പത്തു വർഷക്കാലത്തെ കിഫ്ബിയുടെ പ്രവർത്തനം സർക്കാർ വകുപ്പുകളിലെ ഭരണ സംവിധാനത്തെയും ശേഷി വികസനത്തെയും ദുർബലപ്പെടുത്തി.
വായ്പകളുടെ കൂടിയ പലിശമൂലം പ്രതിവർഷം 396 കോടി അധിക ചെലവുണ്ടാക്കി. മസാല ബോണ്ട് ഇനത്തിൽ 181.73 കോടിയും അധികച്ചെലവ് വന്നു. 2022 മുതൽ കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ, അവയ്ക്ക് സർക്കാർ ഗ്യാരന്റി നൽകേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, 2023 ജൂൺ 6ന് അന്നത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനവകുപ്പ് തീരുമാനം മറികടന്നു. ധനവകുപ്പിന്റെ തീരുമാനത്തെ മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു മാത്രമാണ്.
കിഫ്ബിയുടെ മുൻ സി.ഇ.ഒ തന്നെ എക്സ് ഒഫിഷ്യോ സെക്രട്ടറിയായി പ്രവർത്തിച്ചതും കൺസൾട്ടൻസികൾക്ക് പണം നൽകിയതിലെ സുതാര്യതയില്ലായ്മയും ഭൂമിയേറ്റെടുക്കലുകളിലെ ക്രമക്കേടുകളും ഗുരുതരമായ ചട്ടലംഘനങ്ങളാണ്.
വായ്പ യഥാസമയം
ഉപയോഗിച്ചില്ല
വൻ പലിശയ്ക്ക് വായ്പയെടുത്ത ഫണ്ടുകൾ മാസങ്ങളോളം ഉപയോഗിക്കാതെ സൂക്ഷിച്ചത് ദുരൂഹമെന്നും റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പിന് 52.6% ഫണ്ട് ലഭിച്ചപ്പോൾ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്ക് നീക്കിവച്ചത് 0.18% മാത്രം
അനുവദിച്ച 40 തസ്തികകൾക്ക് പകരം 498പേരെ നിയമിച്ചു. കിഫ്ബി വായ്പയുടെ പേരിൽ കേരളത്തിന്റെ വായ്പപരിധി കേന്ദ്രം 25,932.55 കോടി കുറച്ചു. പദ്ധതിനടത്തിപ്പിൽ 13,103കോടി അധികച്ചെലവ്. സർക്കാരിന്റെ സോവറിൻ ഗ്യാരന്റി നിലനിൽക്കുമ്പോൾ തന്നെ 5821 കോടിയോളം കിഫ്ബി നിക്ഷേപിച്ചതും ദുരൂഹം
ശുപാർശകൾ
കിഫ്ബി വായ്പകളുടെ തിരിച്ചടവിനായി ബഡ്ജറ്റിൽ പണം വകയിരുത്തുക. ഉയർന്ന പലിശയുള്ള വായ്പകൾ കുറഞ്ഞ വായ്പകളിലേക്ക് മാറ്റുക. നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള തുക ബഡ്ജറ്റിൽ വകയിരുത്തുക
പ്രോജക്ട് അപ്രൈസൽ വിഭാഗത്തെ പ്ലാനിംഗ് ബോർഡിലേക്ക് മാറ്റുക. സേവന വേതന വ്യവസ്ഥകൾ പുനഃക്രമീകരിക്കുക. സി.ഇ.ഒയുടെ നിയമനാധികാരം എടുത്തുകളയുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |