
പയ്യന്നൂർ: കൗൺസലിംഗ് കേന്ദ്രത്തിൽ നിന്ന് കാണാതായ പ്രതിശ്രുത വധു പുഴയിൽ ചാടി മരിച്ചു. പയ്യന്നൂർ കോറോം കാനായി മുക്കൂട് സ്വദേശി സി. ശ്രുതിയാണ് (24) മരിച്ചത്. കാനായി മുക്കൂടിൽ പരേതനായ ചന്ദ്രന്റെയും ജാനകിയുടെയും മകളാണ്. പയ്യന്നൂരിലുള്ള മാളിലെ ജീവനക്കാരിയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലിനാണ് കോറോം കൂർക്കരയിലുള്ള കൗൺസലിംഗ് കേന്ദ്രത്തിലെത്തിയത്. അമ്മായി സുലേഖ, ശ്രുതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നാലുമാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. കൗൺസലറുമായി സംസാരിക്കുന്നതിനിടെ പുറത്തിറങ്ങിയ യുവതി ആരോടും പറയാതെ സ്‌കൂട്ടറെടുത്ത് പോവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടർന്ന് അമ്മാവൻ എം. ശ്രീധരൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാത്രിയോടെ ചിറ്റാരികൊവ്വൽ റോട്ടറി ക്ലബ് റോഡിലെ തണൽ ഇക്കോ പാർക്കിന് സമീപം ശ്രുതിയുടെ സ്‌കൂട്ടർ കണ്ടെത്തി. യുവതിയുടെ ചെരിപ്പും ലഭിച്ചു. തുടർന്നാണ് പുഴയിൽ ചാടിയെന്ന സംശയമുണ്ടായത്.
പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സ്‌കൂബാ ടീമിന്റെ സഹായത്തോടെ തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി പെരുമ്പ ചിറ്റാരികൊവ്വൽ ഭാഗത്ത് തെരച്ചിൽ നടത്തി. ഇന്നലെ രാവിലെ 11.15നാണ് തണൽ ഇക്കോ പാർക്കിന് സമീപമുള്ള പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സഹോദരി: ശ്രീലക്ഷ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |