
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടകര മന്ദരത്തൂർ പുതുപ്പണം സ്വദേശി പി. തങ്കമണിയാണ് (49) തിങ്കളാഴ്ച വെെകിട്ട് ആറിന് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ വൻകുടലിലുണ്ടായ മുറിവും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
കഴിഞ്ഞ അഞ്ചിനാണ് തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ഐ.സി.യുവിലും ഒമ്പതിന് വാർഡിലേക്കും മാറ്റി. അന്ന് രാത്രി രക്തസ്രാവം, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. പരിശോധനയിൽ വൻകുടലിൽ മുറിവുണ്ടെന്ന് കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.
10ന് തങ്കമണിയെ ഐ.സി.യുവിലേക്ക് മാറ്റി. 11ന് വീണ്ടും അഞ്ചുമണിക്കൂർ നീണ്ട ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്രിയെങ്കിലും മരിച്ചു.
ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി. അന്വേഷണം ആരംഭിച്ചെന്നും ഗെെനക്കോളജി വിഭാഗത്തോട് റിപ്പോർട്ട് ചോദിച്ചിട്ടുണ്ടെന്നും മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് അരുൺ പ്രീത് പറഞ്ഞു. കുമാരനാണ് മരിച്ച തങ്കമണിയുടെ ഭർത്താവ്. മക്കൾ: ശ്രീലക്ഷ്മി, ശ്രീരാഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |