
പത്തനംതിട്ട: മൂഴിയാർ ഡാമിൻ്റെ ഒരു ഷട്ടർ തുറന്നത് മുന്നറിയിപ്പില്ലാതെ, മണിയാറിനാണെങ്കിൽ ഷട്ടറുമില്ല. ഒന്നിന് പുലർച്ചെ റാന്നിയിലുണ്ടായ മിന്നൽ പ്രളയം 2018 ലേതിന് സമാനം.
മഴ പിന്നീട് ദുർബലമായി. വൻ ഉരുൾപൊട്ടൽ ഒഴിവായി. അതുകൊണ്ടുതന്നെ വൻ നാശനഷ്‌ടങ്ങളുണ്ടായില്ല. കെ.എസ്.ഇ.ബിയുടെ മൂഴിയാർ ഡാമിൽ 192.94 മീറ്ററാണ് പരമാവധി ജലസംഭരണ ശേഷി. ജൂലായ് 31ന് രാത്രി എട്ടുമണിക്ക് ജലനിരപ്പ് 192. 63 മീറ്ററിലെത്തിയിരുന്നു. ഷട്ടറുകൾ അടിയന്തരമായി തുറക്കേണ്ട സാഹചര്യമായിട്ടും താഴെയുള്ള കക്കാട്, അള്ളുങ്കൽ, കാരികയം ഡാം അധികൃതരെ ഫോണിൽ അറിയിച്ചില്ല. മൂഴിയാറിലെ രണ്ടാം നമ്പർ ഷട്ടർ അപ്രതീക്ഷിതമായി 10 സെ.മീ. തുറന്നു. ഇതിനിടെയായിരുന്നു ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിൽ. മണ്ണും ചെളിയും മണിയാർ ഡാമിൽ എത്തി. അവിടെ അഞ്ച് ഷട്ടറുകളും പൂർണമായും തുറന്നു കിടക്കുകയായിരുന്നു. കക്കാട്ടാറിലൂടെ പമ്പയിൽ വെളളമെത്തി പ്രളയമായി. റാന്നി നഗരവും ആറൻമുളയും മുങ്ങി.
♦ 3 വർഷം, പണിതീരാതെ ഷട്ടർ
2018ലെ പ്രളയത്തിൽ തകർന്ന മണിയാറിലെ അഞ്ച് ഷട്ടറുകൾക്ക് പകരം പുന:സ്ഥാപിച്ചില്ല. മൂന്നു വർഷം മുൻപ് തുടങ്ങിയ നിർമാണം അറുപത് ശതമാനം മാത്രമാണ് പൂർത്തിയായത്. കരാർ ഏറ്റെടുത്ത കൊൽക്കത്ത കമ്പനി ആദ്യമായാണ് ഷട്ടറുകൾ നിർമിക്കുന്നത്. പരിചയക്കുറവ് നിർമാണത്തെ ബാധിച്ചു. മഴയില്ലെങ്കിൽ ഒരു വർഷത്തോളം വേണം പൂർത്തിയാക്കാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |