SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.44 AM IST

ചരിത്ര പുരുഷൻ

പുതുമകളുടെ മാർപാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 12 കൊല്ലം കത്തോലിക്ക സഭയുടെ പാപ്പ സ്ഥാനത്ത് അദ്ദേഹം നിലനിന്നു. 1200 വർഷങ്ങൾക്കു ശേഷമാണ് യൂറോപ്യനല്ലാത്ത മാർപാപ്പയുണ്ടാകുന്നത്. അർജന്റീനക്കാരനായ അദ്ദേഹം ആദ്യത്തെ ഈശോ സഭാംഗവും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ്. ആ വിധത്തിലെല്ലാം ചരിത്രപരമായ പ്രത്യേകതകൾ അദ്ദേഹത്തിനുണ്ട്. 2013ലാണ് അദ്ദേഹം പാപ്പയാകുന്നത്. അന്ന് വത്തിക്കാൻ അരമനയിൽ താമസിക്കാൻ വിസമ്മതിച്ച അദ്ദേഹം അരമനയ്ക്കു പുറത്ത് താമസിച്ചു.

ഒരു മാർപാപ്പ പറയാൻ പാടില്ലാത്ത, വളരെ തീവ്രമായ വിമർശനം വത്തിക്കാൻ അരമനയിലെ കാര്യാലയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അരമന പാപ്പസ്ഥാനത്തിന്റെ കുഷ്ഠമാണെന്നായിരുന്നു (കോർട്ട് ഈസ് ദ ലെപ്രസി ഒഫ് പേപ്പസി) അദ്ദേഹത്തിന്റെ വിമർശനം​. തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹം കടന്നുവന്നത്. ചരിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. മൂന്നാം കുരിശുയുദ്ധ കാലഘട്ടത്തിലാണ് ഫ്രാൻസിസ് അസീസി യുദ്ധത്തിന്റെ നിശ്ചിതമായ രേഖകൾ മറികടന്ന് അപ്പുറത്തേക്ക് പോയി അവിടത്തെ സുൽത്താനായിരുന്ന മാലിക് അൽ മീകാമിലിനെ സന്ദർശിക്കുകയും സൗഹൃദമുണ്ടാക്കുകയും ചെയ്തത്. യുദ്ധ പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെ വിശുദ്ധനായി അറിയപ്പെട്ടയാളാണ് ഫ്രാൻസിസ്. ആ പേരു സ്വീകരിച്ച മാർപാപ്പ, സാമുവൽ ഹണ്ടിംഗ്ടൻ നടത്തിയ ഒരു പ്രവചനം ഉൾക്കൊണ്ടു. ഈ ലോകം നേരിടാൻ പോകുന്നത്‌ നാഗരികതകളുടെ യുദ്ധമാണ് (വാർ ഒഫ് സിവിലൈസേഷൻ) എന്നതായിരുന്നു അത്. ഇസ്ലാമിക, ക്രൈസ്തവ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെയാണ് അത് സൂചിപ്പിച്ചത്.

ചരിത്രത്തിൽ ഒരു മാർപാപ്പയും ചെയ്യാത്ത ഒരു പുതിയകാര്യം ഫ്രാൻസിസ് ചെയ്തു. 14 അറേബ്യൻ രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്രചെയ്തു. അവിടങ്ങളിൽ ആവർത്തിച്ചു പോയി മുസ്ലിം സഹോദരങ്ങളുമായി സഖ്യവും ഉടമ്പടിയും ഉണ്ടാക്കി. സൗഹൃദവും സമാധാനവും ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. ലോകത്തിന്റെ ഭാവിക്കാവശ്യമായ നടപടിയായിരുന്നു അത്. യുദ്ധങ്ങളുണ്ടായി ലോകത്തിന്റെ ഭാവി നാശത്തിലേക്കു പോകുന്ന കാലഘട്ടത്തിലാണ് നിർണായകമായ ഈ ചുവടുവയ്പ് അദ്ദേഹം നടത്തിയത്.

 സഭയ്ക്കകത്തും പൊളിച്ചെഴുതി

സഭയ്ക്കകത്തും അധികാരത്തിന്റെ വലിയൊരു പൊളിച്ചെഴുത്ത് നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതും എടുത്തുപറയേണ്ടതാണ്. അദ്ദേഹം അനുസ്മരിക്കപ്പെടാൻ പോകുന്നതും അങ്ങനെയായിരിക്കും. അധികാരത്തിന്റെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെട്ടയാളാണ് ഫ്രാൻസിസ് മാർപാപ്പ. വൈദിക ആധിപത്യം സഭയെ ഭരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വൈദികാധിപത്യം സഭയുടെ നന്മയ്ക്കും വളർച്ചയ്ക്കും നിരക്കുന്നതല്ല എന്നായിരുന്നു വിലയിരുത്തൽ. സംഭാഷണ വഴിയിലൂടെ യാത്ര ചെയ്തുവേണം (സിനഡാലിറ്റി) അധികാരത്തെ മനസിലാക്കാനെന്ന് സഭാധികാരികളെയും മെത്രാൻമാരെയും പഠിപ്പിച്ചു. അതാണ് വത്തിക്കാനിൽ നിരന്തരമായി നടന്ന സമ്മേളനങ്ങളുടെയും സിനഡുകളുടെയും പ്രസക്തി. 2024 ഒക്ടോബറിൽ അവസാനിച്ച സിനഡിൽ വളരെ നിർണായകമായ തീരുമാനം എടുത്തിട്ടുണ്ട്. 368 പ്രതിനിധികളാണ് അന്ന് പങ്കെടുത്തത്. അതിൽ 272 പേരും മെത്രാൻമാരായിരുന്നു. 96 പേർ സാധാരണ അൽമായരും സ്ത്രീകളും പുരുഷന്മാരും വൈദികരുമായിരുന്നു. മെത്രാൻമാരുടെ സിനഡിൽ അല്ലാത്തവർ പങ്കെടുക്കുന്നത് പൊതുവേയുള്ള രീതിയല്ല. മാർപാപ്പ അതു തിരുത്തി. അവർക്കെല്ലാം അദ്ദേഹം വോട്ടവകാശം നൽകി.

വിശ്വാസത്തിലൂടെ

ഇത് എന്തിന്റെ അടിസ്ഥാനത്തിൽ ചെയ്തു എന്നതാണ് പ്രധാനം. ക്രൈസ്തവ വിശ്വാസികൾ വിശ്വാസത്തിന്റെ സമത്വത്തിൽ ഒന്നാകേണ്ടവരാണ്. ആ സമത്വത്തിനകത്താണ് പൗരോഹിത്യ ശുശ്രൂഷ. മെത്രാനായാലും വൈദികനായാലും സഭാസമൂഹത്തിന്റെ ശുശ്രൂഷയ്ക്കുള്ള നിയമനങ്ങളാണ്. അത് അധികാര ശ്രേണിയായി തെറ്റിദ്ധരിക്കുന്നു. വിശ്വാസി സമൂഹത്തെ സംരക്ഷിക്കാനും സേവിക്കാനും പരിചരിക്കാനും ഉള്ളതാണ് ആ ചുമതലകളെന്ന് അവർ മനസിലാക്കണം. വിശ്വാസികൾക്കിടയിലെ സമത്വവും പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ സമത്വത്തിലൂടെയാണ് പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയിലും പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള വിശ്വാസികളുടെ കൂട്ടായ്മയിലാണ് അധികാരത്തിന്റെ അടിസ്ഥാനം. അത് സംഭവിക്കുന്നത് ദസ്തയേവ്സ്കി നോവലിൽ പറയുന്ന സംഭാഷണ മാതൃകയിലാണ്. അനുകൂലമായതും പ്രതികൂലമായതുമായ സംഭാഷണങ്ങൾ ഉണ്ടാകാം. വ്യത്യസ്തമായ ബഹുസ്വരതയുടെ വേദിയാണ് സമൂഹം. ഏതു പ്രശ്‌നവും സംഭാഷണത്തിലൂടെ പരിഹരിക്കാമെന്നാണ് മാർപാപ്പ പഠിപ്പിച്ചത്. ഒരുമയോടെ സംസാരിച്ച് മുന്നോട്ടുപോകാൻ കഴിയണം. ഭൂരിപക്ഷ, ന്യൂനപക്ഷ ആധിപത്യം കാട്ടാതെ സഹോദരങ്ങളെന്ന നിലയിൽ സംഭാഷണത്തിലൂടെ മുന്നോട്ടുപോകണം.

 കേൾവിയിലൂടെ പരസ്പരം മനസിലാക്കാം

നമ്മുടെ ഇന്ദ്രിയങ്ങളിൽ സത്യം ഏറ്റവും നന്നായി ഗ്രഹിക്കുന്നത് കണ്ണല്ല, കാതാണെന്നും അദ്ദേഹം പഠിപ്പിച്ചു. അതുകൊണ്ട് അധികാരിക്കുണ്ടാകേണ്ട ഏറ്റവും വലിയ ഗുണം കേൾക്കാനുള്ള സന്മനസാണ്. ഈ കേൾവിയിലൂടെയാണ് പരസ്പരം മനസിലാക്കുന്നത്. കാഴ്ചകളിലല്ല. അങ്ങനെ വരുമ്പോൾ ദൈവത്തിന് ഒരു പേരുമാത്രമേ ഫ്രാൻസിസ് മാർപാപ്പ കൊടുക്കുന്നുള്ളൂ. അത് കരുണയാണ് (മേഴ്‌സി). കരുണയിലാണ് സംസാരം നടക്കേണ്ടത്. പരസ്പരം കേൾക്കുകയും ആദരിക്കുകയും ചെയ്യുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് ഭിന്നതകളെ അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയും. ഇത് മനുഷ്യത്വത്തിന്റെ മഹത്വത്തിലേക്കുള്ള വഴിയാണ്. മനുഷ്യത്വമാണ് ക്രൈസ്തവ വിശ്വാസത്തിൽ വളരേണ്ടതും ഔന്നത്യം പ്രാപിക്കേണ്ടതും. ആ വിശ്വാസത്തിന്റെ മാനവികതയിലേക്കാണ് മനുഷ്യൻ വളരേണ്ടത്. കരുണയുടെയും സ്‌നേഹത്തിന്റെയും വഴിയിലൂടെ ജീവിക്കാൻ സംഭാഷണങ്ങൾ പ്രധാനമാണെന്നാണ് മാർപാപ്പ സഭയോടും ലോകത്തോടും പറഞ്ഞത്. സത്യവും ധർമ്മവും നീതിയുമാണ് നിശ്ചയിക്കുന്നതെങ്കിൽ ലോകത്തിന്റെ വഴി അപകടത്തിലേക്കാണ്. ശക്തനും അശക്തനും ശബ്ദിക്കാൻ കഴിവില്ലാത്തവനും ആദരിക്കപ്പെടണം. ആരും ആരെയും ചങ്ങലയ്ക്കിടാതെ, നിയമം ലംഘിക്കുന്നവനെയും അംഗീകരിക്കണം. നിയമവിരുദ്ധമായി രാജ്യത്ത് കടന്നുവന്നവനെയും ആദരിക്കണമെന്ന് മാർപാപ്പ അമേരിക്കൻ പ്രസിഡന്റിനോട് പറയുകയും അവിടത്തെ മെത്രാന്മാർക്ക് കത്തയയ്ക്കുകയും ചെയ്തു. ലോകത്തിന്റെ മനഃസാക്ഷിയായി അദ്ദേഹം പ്രവർത്തിച്ചു.

സംഭാഷണത്തിലെ വഴിയാണ് സാമൂഹികതയുടെ വഴിയെന്ന സത്യം ഫ്രാൻസിസ് മാർപാപ്പ എല്ലാവരെയും പഠിപ്പിച്ചു. അതു ജനാധിപത്യമാകണമെന്നില്ല. ഏതു വഴിയിലൂടെ പോകുമ്പോഴും സമൂഹത്തിൽ ജീവിക്കുമ്പോഴും സ്‌നേഹത്തിന്റെയും കരുണയുടെയും കേൾവിയുടെയും സംസ്‌കാരം സൃഷ്ടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

(ലേഖകൻ സി​റോ മലബാർ സഭ മുൻ വക്താവും സഭാ മുഖപത്രം സത്യദീപത്തി​ന്റെ മുൻ ചീഫ് എഡി​റ്ററുമാണ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA