
കണ്ണൂർ: 1999 ആഗസ്റ്റ് 25, തിരുവോണ നാൾ. കണ്ണൂരിലെ വീട്ടിൽ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ഒമ്പതംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കവെ, മരണത്തെ അതിജീവിച്ച പി. ജയരാജൻ അണികളുടെ ദീർഘകാല ആവശ്യത്തിനൊടുവിൽ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിൽ. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ കരുത്തുറ്റ തിരിച്ചുവരവായി.
1972ൽ സി.പി.എം അംഗമായ ജയരാജൻ പത്തു വർഷം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. പിന്നീട് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലെത്തി, 1998ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 2010 ഡിസംബർ മുതൽ 2019 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 2001ൽ കൂത്തുപറമ്പിൽ നിന്ന് നിയമസഭയിലെത്തിയെങ്കിലും ആ തിരഞ്ഞെടുപ്പ് ക്രിമിനൽ കേസിന്റെ പേരിൽ സുപ്രീംകോടതി റദ്ദാക്കി. 2005ലെ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചു ജയിച്ചു; 2006ലും അതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. 2019ൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം കെ. മുരളീധരനോട് പരാജയപ്പെട്ടു. പക്ഷേ ജില്ലാ സെക്രട്ടറി പദത്തിൽ തിരിച്ചെത്താനായില്ല. 2021ൽ ഖാദി ബോർഡ് വൈസ് ചെയർമാനായി.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തെ പുകഴ്ത്തി പുറത്തിറങ്ങിയ ഗാനം പാർട്ടിയിൽ വ്യക്തി പൂജാ വിവാദത്തിന് വഴി തെളിച്ചിരുന്നു. കതിരൂർ മനോജ് വധക്കേസിലും, അരിയിൽ ഷുക്കൂർ വധക്കേസിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടതും വിവാദമായിരുന്നു.2025ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരുന്നത് അണികളെ നിരാശരാക്കി. നേതൃ സ്ഥാനങ്ങൾക്ക് പാർട്ടി നിശ്ചയിച്ച 75 വയസ്സ് അടുത്ത സമ്മേളനത്തിൽ മറി കടക്കുന്നതോടെ അദ്ദേഹത്തിന് ഇനിയൊരിക്കലും ആ ഘടകത്തിലെത്താനാകില്ലെന്നാണ് കരുതിയിരുന്നത്.
വഴി തുറന്നത് പി.ബി
പി.ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള വഴി തുറന്നത് പൊളിറ്റ് ബ്യൂറോ. ബി.ജെ.പിയുമായി സി.പി.എം ഡീലുണ്ടാക്കിയെന്ന പ്രചാരണം ചെറുക്കാൻ ആർ.എസ്.എസ് ആക്രമണങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി ജയരാജൻ നേതൃത്വത്തിലെത്തുന്നതിലൂടെ കഴിയും.ന്യൂനപക്ഷങ്ങളുടെ വോട്ട് നിർണായകമായ മണ്ഡലങ്ങളിൽ ബി.ജെ.പി ഡീലെന്ന ആക്ഷേപവും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തത് തിരിച്ചടിയാണെന്ന് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി. ഇത് എങ്ങനെ മറികടക്കാമെന്ന ആലോചനയാണ് ജയരാജനിലേക്കെത്തിയത്. ആർ.എസ്.എസ് നീക്കങ്ങളെ ചെറുക്കാൻ കണ്ണൂരിലെ പാർട്ടിയെ സജ്ജമാക്കിയത് ജയരാജനാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് ധാവ്ളെ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വവും അംഗീകരിച്ചു. പിന്നാലെ പിണറായി വിജയനും പിന്താങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |