
തൃപ്പൂണിത്തുറ: സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ റിനിൽ ഗൗതം (50) നിര്യാതനായി. ഇന്നലെ രാവിലെ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ 10 മുതൽ എരൂർ കൊപ്പറമ്പ് അയ്യങ്കാളി സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വയ്‌ക്കും. ഉച്ചയ്ക്ക് 12ന് ഇരുമ്പനം പൊതുശ്മശാനത്തിൽ സംസ്കരിക്കും.
വയനാട് പൊഴുതന സ്വദേശികളായ സുകുമാരൻ–ദേവകി ദമ്പതികളുടെ മകനാണ്. വർഷങ്ങളായി എരൂർ കൊപ്പറമ്പിലായിരുന്നു താമസം.
ജനപ്രിയൻ, വാദ്ധ്യാർ, പിഗ്മാൻ, സാൻഡ് സിറ്റി, കാന്താരി, വേലുക്കാക്ക, മണൽനഗരം തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ 'പദ്മഹാരപ്രിയ പദ്മനാഭപ്രഭോ..." എന്ന പ്രശസ്തമായ ഗാനത്തിനും സംഗീതം പകർന്നു. ജെയ് ഹോ റേഡിയോ, കുടുംബശ്രീയുടെ റേഡിയോ ശ്രീ, ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക തുടങ്ങിയവയുടെ ടൈറ്റിൽ ഗാനങ്ങൾക്കും ഈണമിട്ടു. സീരിയലുകൾക്ക് സംഗീത സംവിധാനവും സിനിമകൾക്ക് പശ്ചാത്തലസംഗീതവും നിർവഹിച്ചിട്ടുണ്ട്.
ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ എക്സിക്യുട്ടീവ് അംഗമായിരുന്നു. സംവിധായകൻ ലാൽജോസ് അഭിനയിച്ച, ചിത്രീകരണം പൂർത്തിയായ സിനിമയുടെ തിരക്കഥാകൃത്താണ്. ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന 'റൂഹ'യിൽ പ്രധാനകഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |