SignIn
Kerala Kaumudi Online
Monday, 19 October 2026 2.38 AM IST

1957ലെ നിയമം അടിമുടി മാറും പുതിയ ഖനന നിയമത്തിന് നീക്കം

ന്യൂഡൽഹി: ഖനനമേഖലയിലെ നിയമവ്യവസ്ഥ പുനഃപരിശോധിച്ച് പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ. 1957ലെ ഖനന ധാതു വികസന നിയന്ത്രണ നിയമം (എം.എം.ഡി.ആർ) പരിഷ്‌കരിക്കും. നടപടിക്രമങ്ങൾ ലളിതമാക്കുകയും വ്യവസായത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, സാങ്കേതിക പുരോഗതി, തന്ത്രപ്രധാന ആവശ്യങ്ങൾ എന്നിവയ്ക്ക് ധാതുസമ്പത്ത് നിർണായകമാണെന്ന വിലയിരുത്തലുണ്ടായതോടെയാണ് നീക്കം. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യവും പിന്നിലുണ്ട്.

ഖനന മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ രൂപീകരിക്കുന്ന അന്തർമന്ത്രാലയ സമിതി നിലവിലെ നിയമം സമഗ്രമായി പരിശോധിക്കും. അന്താരാഷ്ട്രതലത്തിലെ മികച്ച രീതികൾ പഠിച്ച് അനുയോജ്യമായവ ഉൾപ്പെടുത്തും. ഖനനമേഖലയിലെ ഭാവി പ്രവണതകളും സാങ്കേതിക മാറ്റങ്ങളും കണക്കിലെടുത്തുള്ള വ്യവസ്ഥകൾ നിർദ്ദേശിക്കും. സംസ്ഥാന സർക്കാരുകളോടുൾപ്പെടെ ആലോചിച്ച ശേഷമാകും ബില്ലിന്റെ കരട് തയ്യാറാക്കുക.

നിലവിലെ നിയമത്തിന്റെ ഭാഷ ലളിതമാക്കുക, വ്യവസ്ഥകൾ കൂടുതൽ വ്യക്തവും ഫലപ്രദവുമാക്കുക, ബന്ധപ്പെട്ട നിയമങ്ങളുമായും ഭരണഘടനാ വ്യവസ്ഥകളുമായും പൊരുത്തപ്പെടുത്തുക എന്നിവയും സമിതിയുടെ പരിഗണനയിലുണ്ട്. നിയമത്തിൽ ഘടനാപരവും ഉള്ളടക്കപരവുമായ പരിഷ്‌കാരങ്ങൾ നിർദേശിക്കാനും സമിതിക്ക് ചുമതലയുണ്ട്.

സംസ്ഥാനങ്ങൾക്കും

ചുമതല

രാജ്യത്തെ ഖനികളുടെയും ധാതുക്കളുടെയും വികസനവും നിയന്ത്രണവും സംബന്ധിച്ച നിയമമാണ് എം.എം.ഡി.ആർ. പ്രധാന ധാതുക്കളുടെ നിയന്ത്രണത്തിൽ കേന്ദ്രത്തിന് നിർണായക പങ്കുണ്ടെങ്കിലും ഖനന പാട്ടങ്ങളും ധാതു ഇളവുകളും അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്കും ചുമതലയുണ്ട്. കേന്ദ്രം നിശ്ചയിക്കുന്ന ചട്ടങ്ങൾക്കും ലേല നടപടിക്രമങ്ങൾക്കും അനുസരിച്ചാണ് സംസ്ഥാനങ്ങൾ ഖനന പാട്ടങ്ങൾ അനുവദിക്കുന്നത്. ഖനന പാട്ടക്കാരിൽനിന്ന് ഈടാക്കുന്ന റോയൽറ്റി നിരക്കുകളും കേന്ദ്രമാണ് നിശ്ചയിക്കുന്നത്. തുക സംസ്ഥാനങ്ങൾ പിരിച്ചെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA