
ശ്രീനഗർ: രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങളും രഹസ്യനീക്കങ്ങളും ചോർത്താൻ ശത്രുക്കളുടെ 'അക്കാഡമിക് കെണി". വിദ്യാഭ്യാസ വിദഗ്ദ്ധരെന്ന വ്യാജേന സമീപിച്ച ചൈനീസ് ചാരന്മാർ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി. ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്റുമാർക്ക് വിവരങ്ങൾ നൽകിയ സ്ത്രീക്കെതിരെ ജമ്മു കാശ്മീർ പൊലീസ് കേസെടുത്തു. ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തെലങ്കാന സ്വദേശിനിക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, അക്കാഡമിക് രംഗത്തെ വിദഗ്ദ്ധരെന്ന് പരിചയപ്പെടുത്തിയെത്തിയ ഏജന്റുമാർ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ലേഖനങ്ങൾ ആവശ്യപ്പെട്ടു. പരിസ്ഥിതി, ഭൗമരാഷ്ട്രീയ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ഇത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളായി. ഇത്തരത്തിൽ ചിത്രങ്ങളും രേഖകളുമുൾപ്പെടെ തന്ത്രപ്രധാനമായ പല വിവരങ്ങളും കൈമാറിയെന്നാണ് റിപ്പോർട്ട്. സ്ത്രീ 'ബൗദ്ധിക കെണി"യിൽപ്പെട്ടുപോയതാകാമെന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |