കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോർത്ത് പറവൂരിൽ കെഎസ്ഇബി ട്രാൻസ്‌ഫോമറിലെ ഫ്യൂസ് ഊരിയ പ്രതി പൊലീസിന്റെ പിടിയിൽ. കൈതാരം സ്വദേശിയായ വിഷ്ണുവാണ് പിടിയിലായത്. പൂനെയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാത്രിയിൽ ട്രാൻസ്‌ഫോമറിന്റെ ഫ്യൂസ് ഊരിമാറ്റി മടങ്ങുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ വിഷ്ണു കേരളം വിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൂനെയിൽനിന്ന് ഇയാളെ പിടികൂടിയത്.
കഴിഞ്ഞമാസമാണ് കൈതാരം നോർത്ത് ട്രാൻസ്ഫോമറിൽ നിന്ന് പ്രതി ഫ്യൂസ് ഊരിയത്. തുടർന്ന് കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ പറവൂർ സെക്ഷനിലെ പെരുമ്പടന്ന എട്ടിയോടത്തും ഏഴിക്കര സെക്ഷനിലെ ചാക്കാത്തറ, ആവുട്ടി ഭാഗങ്ങളിലുമുള്ള ട്രാൻസ്‌ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരിയ സംഭവങ്ങളും ഉണ്ടായിരുന്നു. അജ്ഞാതർ ഫ്യൂസ് ഊരിയതിനെ തുടർന്ന് മേഖലകളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
സംഭവത്തിൽ നേരത്തെ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രതി വിഷ്ണുവിന് കോൺഗ്രസ് ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നത് സിപിഎമ്മാണെന്ന തരത്തിൽ കോൺഗ്രസും ആരോപിച്ചിരുന്നു. എന്നാൽ പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നു.
A man identified as Vishnu, a native of Kaitharam, has been arrested in Pune for removing the fuse from a KSEB transformer in North Paravur, Chief Minister V.D. Satheesan’s constituency. CCTV footage of the incident had surfaced earlier.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |