കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരവു ചെലവുകളും മറ്റും സുതാര്യമാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റലൈസേഷൻ സംവിധാനം പൈലറ്റ് പദ്ധതിയായി ശബരിമലയിൽ നടപ്പാക്കും. മണ്ഡല-മകരവിളക്ക് കാലത്തിന് മുമ്പായി അക്കൗണ്ട്സ്, ക്ഷേത്ര ഭരണം, വില്പന എന്നീ വിഭാഗങ്ങളിൽ ഡിജിറ്റൽ സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
ബോർഡിന്റെ പ്രവർത്തനങ്ങൾ അടിമുടി പരിഷ്കരിക്കുന്ന പദ്ധതിയുടെ പുരോഗതി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വിലയിരുത്തി.ഇതിനായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ പ്രത്യേക സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചു. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി കെ.എ.എസ് ഉദ്യോഗസ്ഥൻ രാഹുൽ എ. രാജിനെ നിയമിക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചു. ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിനെ നിയമിക്കുന്നതിലും അനുകൂല നിലപാടാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് വിരമിച്ച ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനായി പ്രത്യേക ഓഫീസ് സജ്ജമാക്കും. ആവശ്യമായ ഹാർഡ്‌വെയർ കെൽട്രോൺ വഴി വാങ്ങും. ഫയൽ മാനേജ്‌മെന്റിനായി കെ-സ്യൂട്ട് സോഫ്ട്‌വെയർ സജ്ജമാക്കി. പ്രാരംഭ ചെലവുകൾക്കായി 15 ലക്ഷം രൂപ ബോർഡ് അനുവദിച്ചിട്ടുണ്ടപദ്ധതിയുടെ ഓരോ ഘട്ടവും പൂർത്തിയാക്കേണ്ട കൃത്യമായ സമയവിവരപ്പട്ടിക ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ദേവസ്വം ബോർഡിൽ അക്കൗണ്ടിംഗ് സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്. വിഷയം ആഗസ്റ്റ് 17ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |