
ഫ്രാക്ഷൻ യോഗത്തിൽ ധാരണ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായേക്കും. കല്യാശേരി എം.എൽ.എ എം.വിജിൻ സംസ്ഥാന സെക്രട്ടറിയും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ഡി.വൈ.എഫ്.ഐ ഫ്രാക്ഷൻ യോഗത്തിലാണ് ധാരണ. ആഗസ്റ്റ് 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം ഫ്രാക്ഷൻ യോഗം ചേർന്നത്. സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിതയെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജിൻ. ഭാരവാഹികളുടെ പ്രായപരിധി 38 വയസാക്കി കുറച്ചാണ് ചിന്ത അടക്കമുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കം. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ സി.പി.എമ്മിലെ ചില നേതാക്കൾ ശ്രമിച്ചെങ്കിലും ചിന്തയെ പരിഗണിക്കാൻ ഗോവിന്ദൻ നിർദ്ദേശിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ ചിന്താ ജെറോം എസ്.എഫ്.ഐ കാലം മുതൽ സി.പി.എമ്മിൽ സജീവമാണ്.
പ്രായപരിധിയെചൊല്ലി
അഭിപ്രായ വ്യത്യാസം
40 വയസ് വരെയാണ് ഡി.വൈ.എഫ്.ഐയിൽ അംഗമാകാനുള്ള പ്രായപരിധി. ഭാരവാഹികളുടെ പ്രായപരിധി സി.പി.എമ്മാണ് നിശ്ചയിക്കുന്നത്. ഭാരവാഹി സ്ഥാനത്തേക്കുള്ള പ്രായപരിധി ഇപ്പോൾ 38 വയസാക്കിയതിനെ ചൊല്ലി സംഘടനയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയാതെ 38 വയസാക്കാൻ എം.വി.ഗോവിന്ദൻ നിർദ്ദേശിച്ചതിലും അതൃപ്തിയുണ്ട്. സി.പി.എമ്മിലെ മുതിർന്ന നേതാക്കളോട് ഡി.വൈ.എഫ്.ഐയിലെ ഒരു വിഭാഗം നേതാക്കൾ ഇതുസംബന്ധിച്ച പരാതി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ഷിജുഖാൻ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാനാണ് പ്രായപരിധി കുറച്ചതെന്നാണ് ആക്ഷേപം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഷിജുഖാൻ എത്തുമെന്നാണ് കരുതിയിരുന്നത്. ഷിജുഖാന് 38 വയസ് പിന്നിട്ടു. 2018ൽ സമാനരീതിയിൽ പ്രായപരിധി 37 വയസാക്കാൻ ഫ്രാക്ഷൻ യോഗം തീരുമാനമെടുത്തെങ്കിലും എതിർപ്പ് ശക്തമായതോടെ സി.പി.എം സെക്രട്ടേറിയറ്റ് ഇടപെട്ട് ഒഴിവാക്കി. ഫ്രാക്ഷൻ നിശ്ചയിച്ച ഭാരവാഹികൾക്കും അന്ന് മാറ്റമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |