
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും. വൈദ്യുതി മുടങ്ങുന്നതുമൂലം ജനം നേരിടുന്ന ദുരിതത്തിനു പെട്ടെന്നുള്ള പരിഹാരം കെ.എസ്.ഇ.ബിക്ക് മുന്നിലില്ല. പ്രശ്നപരിഹാരത്തിനു എല്ലാ ശ്രമവും നടത്താൻ ഇന്നലെ മന്ത്രി സണ്ണി ജോസഫ് വിളിച്ചുചേർത്ത ഉന്നതതലയോഗം തീരുമാനിച്ചു.
മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തിനു പകരം, അറിയിപ്പ് നൽകാൻ തീരുമാനമെടുത്തു. അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണിത്.
രാജ്യത്താകെ വൈദ്യുതിക്ക് ക്ഷാമമുണ്ടെന്നും ഉയർന്ന വില നൽകിയാലും കിട്ടാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. യൂണിറ്റിനു 16 രൂപവരെ ചോദിക്കുന്നു. പുതിയ ദീർഘകാല കരാറുകൾക്ക് ആരും മുന്നോട്ടുവരുന്നില്ല. ജനങ്ങളുടെ പ്രയാസത്തിൽ ഖേദമുണ്ട്. പരിഹരിക്കാൻ അത്ഭുതപ്രവർത്തി മുന്നിലില്ല. മനുഷ്യസാദ്ധ്യമായ എല്ലാം സർക്കാർ ചെയ്യുന്നുണ്ട്. രാത്രിയിൽ ഇ.വി വാഹനങ്ങൾ ചാർജ് ചെയ്യുന്നത് വർദ്ധിച്ചതും വൈദ്യുതി ആവശ്യകത കൂട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിയമപോരാട്ടം തുടരും
ദീർഘകാലകരാറുകൾ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരും
ബാറ്ററി എനർജി സ്‌റ്റോറേജുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും
ബ്രഹ്‌മപുരത്തെ ബെസ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഉടൻ
എൻ.ടി.പി.സിയുമായി ചർച്ച നടത്തി കൂടുതൽ വൈദ്യുതിക്ക് ശ്രമം
ആഭ്യന്തര വൈദ്യുതി ഉത്പാദനം കൂട്ടാൻ നടപടികൾ
ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി ഉൾപ്പെടെ വ്യാപിപ്പിക്കും
സോളാർ, കാറ്റാടി, പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികൾ പ്രോത്സാഹിപ്പിക്കും
നിർമ്മാണത്തിലുള്ള ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കും
ഇടുക്കി രണ്ടാംഘട്ടവും സജീവപരിഗണനയിൽ
ഭൂതത്താൻകെട്ട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉണ്ടാകും
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി 15നകം പരിഹരിക്കും. തോന്നുംപോലുള്ള പവർകട്ടും നിറുത്തും. ഇതിനുള്ള നിർദ്ദേശം കെ.എസ്.ഇ.ബി.ക്ക് നൽകിയിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം എൽ.ഡി.എഫ് സർക്കാരാണ്.
- മുഖ്യമന്ത്രി വി.ഡി.സതീശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |