SignIn
Kerala Kaumudi Online
Saturday, 29 August 2026 12.31 AM IST

 ജയന്തി സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വാഗ്ദാനം -- ഡൽഹിയിൽ ശ്രീനാരായണ പഠനകേന്ദ്രം സ്ഥാപിക്കും

READ ENGLISH VERSION

തിരുവനന്തപുരം: ഡൽഹിയിൽ ഗുരുദേവന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം ശ്രീനാരായണ ദർശനങ്ങൾ ലോകത്തെങ്ങും പ്രചരിപ്പിക്കുകയും പഠനം നടത്താൻ അവസരം നൽകുകയും ചെയ്യുന്ന അന്തർദേശീയ പഠനകേന്ദ്രം തുടങ്ങാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ തിരുജയന്തി മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനേകം പേർ പുണ്യസന്ദർശനത്തിനെത്തുന്ന ശിവഗിരിയും ചെമ്പഴന്തിയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ കേരളം, മതേതര കേരളമാണെന്ന് ലോകത്തിന് മുന്നിൽ വിളിച്ചുപറയാൻ കഴിയുന്ന ഒരു ദിവസമുണ്ടാകണമെന്നതാണ് തന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പില്ലാത്ത ദേശമാണ് കേരളമെന്ന് ലോകത്തോടു വിളിച്ചുപറയാൻ,​ നമ്മളെല്ലാം അക്ഷരാർത്ഥത്തിൽ ശ്രീനാരായണീയരായി മാറണം. കേരളത്തിന്റെ അതിർവരമ്പുകൾക്കകത്ത് തളച്ചിടേണ്ട ഒന്നല്ല ഗുരുദേവദർശനം. ലോകം മുഴുവൻ സഞ്ചരിക്കേണ്ടതാണിത്. വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ.

സ്വാതന്ത്ര്യ സമരം രാഷ്ട്രീയ സമരത്തിനപ്പുറം സാമൂഹ്യനീതിക്ക് കൂടിയുള്ളതാക്കി മാറ്റാൻ മഹാത്മാഗാന്ധിയെ പ്രേരിപ്പിച്ചത് ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെപ്പോലും സ്വാധീനിക്കാൻ

ഗുരുദേവന് കഴിഞ്ഞു.

ഭിന്നിപ്പുകൾക്കും സംഘർഷങ്ങൾക്കും മറുമരുന്നായും കേരളത്തിന്റെ സാമൂഹ്യ പരിവർത്തനത്തിന്റെ ഉത്തേജകമായും ഗുരുദേവ ദർശനം മാറുന്നതും നാം കണ്ടു. എല്ലാ തെറ്റുകളെയും സൗമ്യമായ വാക്കുകൾ കൊണ്ട് അതിശക്തമായി ചോദ്യം ചെയ്ത് സാമൂഹ്യരംഗത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചതായിരുന്നു ഗുരുദേവന്റെ ഏറ്റവും വലിയ ശക്തി. സൂര്യചന്ദ്രന്മാർ ഉളളിടത്തോളം എല്ലാ മനസ്സുകളിലും അദേഹത്തിന്റെ വാക്യങ്ങൾ തെളിഞ്ഞുനിൽക്കും.

വി.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകി. മതമല്ല, മനുഷ്യനാണ് വലുതെന്ന ഗുരുദേവ ദർശനം സാക്ഷാത്കരിക്കാൻ കഴിയണമെന്നും അതിന് ഗുരുദേവനെ വായിച്ചറിയാൻ എല്ലാവരും ശ്രമിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.യു.ജെനീഷ് കുമാർ എം.എൽ.എ, മുൻ എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, ടി.ശരത് ചന്ദ്രപ്രസാദ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, മോഹൻദാസ് കോളേജ് ഓഫ് എൻജിനിയറിംഗ് ചെയർമാൻ ജി.മോഹൻദാസ്, ബി.ജയപ്രകാശ്,വാർഡ് കൗൺസിലർ കെ.കെ.ശൈലജ എന്നിവർ സംസാരിച്ചു.

കാലം നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രത്യഔഷധമാണ് ഗുരുദേവ ദർശനമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ആഘോഷകമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA