SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.43 PM IST

മൂന്നാമങ്കത്തിൽ താമര വിരിയിച്ച് ബി.ബി. ഗോപകുമാർ

gopakumar

കൊല്ലം:ചാത്തന്നൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാറിന്റെ വിജയം യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ഒരുപോലെ ഞെട്ടിച്ചു. തന്റെ മൂന്നാമത്തെ പോരാട്ടത്തിലാണ് ബി.ബി.ഗോപകുമാർ ചാത്തന്നൂരിൽ താമര വിരിയിച്ചത്. കഴിഞ്ഞ തവണ 17206 വോട്ടിന് പരാജയപ്പെട്ട അദ്ദേഹം ഇത്തവണ 4398 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷത്തിന് ശക്തമായ വേരുള്ള ചാത്തന്നൂരിൽ അട്ടിമറി വിജയം നേടിയത്.സൗമ്യമായ പെരുമാറ്റവും നേതൃപാടവവും , വിപുലമായ ശിഷ്യസമ്പത്തും ഗോപകുമാറിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു.

2011ലെ നിയമസഭ തിര‌ഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബി.ജെ.പിക്ക് 3839 വോട്ട് മാത്രമാണുണ്ടായിരുന്നത്. 2016ൽ സ്ഥാനാർത്ഥിയായി ആദ്യം കളത്തിലിറങ്ങിയ ബി.ബി.ഗോപകുമാർ എൻ.ഡി.എ വോട്ട് 33139 ആയി ഉയർത്തി യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 2021ൽ വീണ്ടും അങ്കത്തിനിറങ്ങിയ അദ്ദേഹം വോട്ട് 42090 ആയി ഉയർത്തി രണ്ടാം സ്ഥാനം നിലനിറുത്തി. ഇത്തവണ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരായതും മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള വ്യക്തിബന്ധങ്ങളും വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ഈഴവ സമുദായാംഗങ്ങളുമായിരുന്നു. ഇടത്, വലത് മുന്നണികൾ പ്രചാരണവേളയിൽ നടത്തിയ വ്യക്തിഹത്യയെ അതിജീവിച്ചാണ് വിജയത്താമര വിരിയിച്ചത്.

ആറ് വർഷക്കാലം ബി.ജെ.പി കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. കാൽ നൂറ്റാണ്ടായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റാണ്. ഇപ്പോൾ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റുമാണ്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം ചാത്തന്നൂർ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് അദ്ധ്യാപകനായിരുന്ന അദ്ദേഹം ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്. ചാത്തന്നൂരിൽ എൻ.ഡി.എ വോട്ട് ഉയർന്നപ്പോൾ എൽ.ഡി.എഫ് വോട്ട് ഇടിഞ്ഞു. യു.ഡി.എഫിന് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാനുമായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA