തിരുവനന്തപുരം: ഒരു ഭാഗത്ത് സാമ്പത്തിക ഞെരുക്കം, മറുഭാഗത്ത് ജോലിയുടെയും കുടുംബനാഥന്റെയും ഉത്തരവാദിത്വങ്ങൾ. എല്ലാം മറികടന്ന്, കാൽ നൂറ്റാണ്ട് മുമ്പ് കണ്ട സ്വപ്നം നാലരവർഷത്തിൽ പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് എ.എം.ഹബീബ് ഖാൻ. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് ബയോ ടെക്നോളജിയിൽ സ്പെഷ്യലൈസേഷനോടെ, ബോട്ടണി ഐച്ഛിക വിഷയമായെടുത്ത് എം.എസ്‌സി പൂർത്തിയാക്കിയപ്പോൾ മുതൽ തുടങ്ങിയ മോഹം, നാനോ ടെക്‌നോളജിയിൽ ഡോക്ടറേറ്റ് എടുത്ത് ഇന്നിതാ പൂർത്തിയാക്കിയിരിക്കുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് വിഴിഞ്ഞം കോടിയിൽ വീട്ടിൽ എ.എം.എ.ഖാദറിന്റെയും സുബൈദയുടെയും മകനുമാണ് ഹബീബ്. 2006 മുതൽ രമേശിനൊപ്പമുണ്ട്.
നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (ഡീംഡ് യൂണിവേഴ്സിറ്രി) വൈസ് ചാൻസലർ, മിസൈൽ വുമൺ ഡോ.ടെസി തോമസിൽ നിന്നാണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. പാർട്ട് ടൈം ഗവേഷകനാകാൻ 2021ൽ എൻട്രൻസ് എഴുതി. ഡോ.എം.പ്രഭുവാണ് മേൽനോട്ടം വഹിച്ചത്. യൂത്ത് കോൺഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. രാഷ്ട്രീയത്തിൽ മുന്നേറാൻ വക്കീൽവിലാസം വേണമെന്ന് തോന്നിയതോടെ, തിരുവനന്തപുരം ഗവ. ലാ കോളേജിൽ ചേർന്നു. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ് എടുത്ത് സെറ്റ് പരീക്ഷ പാസായി. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് (സിറ്റിസൺ ജേണലിസം) പഠിച്ചിറങ്ങി ദീപികയിലും കേരളകൗമുദിയിലും പ്രാദേശിക ലേഖകനായി. ദേശീയ പാത അതോറിട്ടി, ധനലക്ഷ്മി ബാങ്ക്, കെ.എസ്.എഫ്.ഇ ഉൾപ്പെടെ ഏതാണ്ട് 12 ഓളം സ്ഥാപനങ്ങളുടെ അഭിഭാഷക പാനലിലെത്തി. കെ.പി.സി.സിയിൽ മീഡിയാ വിഭാഗത്തിനായി ആളെ തേടിയപ്പോൾ, ചെന്നിത്തലയോട് കേരളകൗമുദി മുൻ ഡെപ്യൂട്ടി എഡിറ്റർ പി.പി.ജെയിംസാണ് പേര് നിർദ്ദേശിച്ചത്. പിന്നീട് മന്ത്രിയായപ്പോൾ പഴ്സണൽ സ്റ്റാഫായി. തിരക്കിനിടയിൽ മോഹം മാറ്റിവച്ചു. നെഹ്രു യുവകേന്ദ്രയുടെ സംസ്ഥാന ഉപദേശകസമിതിയംഗം എന്ന നിലയിൽ വിദേശ സർവകലാശാലകൾ സന്ദർശിച്ചപ്പോളാണ് വീണ്ടും മോഹം തോന്നിയത്. ഭാര്യ ടി.തസ്നീം, മക്കൾ: അസ ഫത്തൂം (പത്താം ക്ളാസ്), മുഹമ്മദ് ആബാൻ (എട്ടാം ക്ലാസ്).
ഇത് ഒരു അക്കാഡമിക യാത്രയുടെ അവസാനമല്ല, അവസാനിക്കാത്ത യാത്രയുടെ ടേണിംഗ് പോയിന്റാണ്. സ്വപ്നങ്ങൾ ബാക്കി. അറിവിനായുള്ള യാത്ര തുടരും
ഹബീബ്ഖാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |