SignIn
Kerala Kaumudi Online
Sunday, 05 July 2026 8.34 PM IST

വെറുതേ കിടന്ന് നശിക്കുന്നത് കോടികള്‍ കൊടുത്ത് വാങ്ങിയ യന്ത്രങ്ങള്‍; കമ്മീഷന്‍ വാങ്ങിയവരെ പൊക്കാന്‍ അന്വേഷണം

k-muraleedharan
ഫോട്ടോ: facebook.com/KMuraleedharanOfficial

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടത്തിയ പര്‍ച്ചേസുകളില്‍ സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികള്‍ മുടക്കി ഉപകരണങ്ങള്‍ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും, നേരില്‍കണ്ട് മനസിലാക്കിയ സാഹചര്യത്തിലുമാണ് അന്വേഷണമെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ മതിയായ ജീവനക്കാരെ നിയോഗിക്കാനും മരുന്നുകള്‍ വാങ്ങാനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നകാലത്ത് ഇത്രയധികം ഉപകരണങ്ങള്‍ എന്തിന് വാങ്ങിക്കൂട്ടിയെന്നത് കണ്ടെത്തേണ്ടതുണ്ട്. കമ്മീഷന്‍ ലക്ഷ്യമിട്ടുള്ള പര്‍ച്ചേസുകളാണ് നടന്നതെന്നുള്ള ആക്ഷേപങ്ങളില്‍ വ്യക്തവരുത്തേണ്ടതുണ്ട്. തകര്‍ന്ന സിസ്റ്റത്തെ ശരിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. മൊബൈല്‍ മോര്‍ച്ചറികള്‍, ഓട്ടോ ക്ലേവ് മെഷീന്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ മെഷീന്‍ തുടങ്ങിയ കോടികള്‍ വിലയുള്ള നിരവധി ഉപകരണങ്ങള്‍ ഉപയോഗ്യ ശൂന്യമായി കിടക്കുന്നതായി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.

പ്ലാന്‍ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പര്‍ച്ചേസുകളും അന്വേഷിക്കും. കൂടാതെ കേന്ദ്രപദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ട് ഉപയോഗിച്ചുള്ള പര്‍ച്ചേസുകളും കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച പരാതികള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വയനാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശനത്തിനിടെ നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ട യാഥാര്‍ത്ഥ്യങ്ങളാണ് ഇപ്പോള്‍ അന്വേഷണ തീരുമാനത്തിന് പിന്നില്‍.

വയനാട് മെഡിക്കല്‍ കോളേജില്‍ മൊബൈല്‍ മോര്‍ച്ചറികള്‍ ഉള്‍പ്പെടെ കോടികള്‍ വിലയുള്ള ഉപകരണങ്ങള്‍ ഗോഡൗണില്‍ തള്ളിയിരിക്കുന്നു. കാലപ്പഴക്കം ചെന്നതിനാല്‍ പല ഉപകരണങ്ങളും ഇനി ഉപയോഗിക്കാന്‍ കഴിയുമോയന്ന് സംശയമാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന് ഈ ബാദ്ധ്യത വരുത്തിയവരെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നില്‍ ഓട്ടോ ക്ലേവ് മെഷ്യീന്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് കാലത്ത് ലഭിച്ച രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ മെഷ്യീന്‍ പ്രവര്‍ത്തനസജ്ജമല്ലാതെ കിടക്കുന്നു. ലക്ഷങ്ങള്‍ മുടക്കി ഓക്‌സിജന്‍ വാങ്ങിക്കുമ്പോഴാണ് ഈ ഉപകരണം ഇത്തരത്തില്‍ നശിക്കുന്നത്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ 100 കെ.വി സോളാര്‍ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഗ്രിഡില്‍ ഘടിപ്പിച്ചില്ല. ഇത് കൂടാതെ ഇവിടെ ജനറേറ്റര്‍ വാങ്ങിവച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തന സജ്ജമാക്കാതെ കാലങ്ങളായി ഇരിക്കുന്നതും പരാതികളില്‍ ചിലത് മാത്രമാണ്.

വകുപ്പ്തല അന്വേഷണത്തിലൂടെ 14 ജില്ലകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. വകുപ്പ്തല അന്വേഷണത്തിന് ശേഷം സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സംസ്ഥാന ധനകാര്യവകുപ്പും പരിശോധിക്കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറുമെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, KERALA GOVERNMENT, K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA