SignIn
Kerala Kaumudi Online
Thursday, 18 June 2026 3.57 AM IST

ഒന്നര വയസുകാരന്റെ മരണം: ഹൈക്കോടതി റിപ്പോർട്ട് തേടി

high-court

കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരൻ ക്രൂര മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പൊതുതാത്പര്യ ഹർജിയായി വിഷയം പരിഗണിച്ചത്. കുട്ടിയുടെ മുത്തശ്ശി നേരത്തേ നൽകിയ പരാതിയിൽ സർക്കാർ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കക്ഷി ചേർത്ത കോടതി ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്ര വച്ച കവറിൽ സമർപ്പിക്കണമെന്നും സർക്കാരിനോട് നിർദ്ദേശിച്ചു. പത്രവാർത്തകൾ മുൻനിറുത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് കോടതിയുടെ നടപടി. വിഷയം വീണ്ടും ജൂലായ് ഒന്നിന് പരിഗണിക്കും.

അതിക്രമം തടയുന്നതിലും വിവരം അധികൃതരെ അറിയിക്കുന്നതിലും ഗുരുതര വീഴ്ചകളുണ്ടായെന്ന് ഹർജിയിൽ പറയുന്നു.കഴിഞ്ഞ മേയ് 29നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചത്. ആന്തരിക രക്തസ്രാവവും മർദ്ദനമേറ്റതുമായിരുന്നു കാരണം. സംഭവത്തിൽ കുട്ടിയുടെ അമ്മയും രണ്ടാച്ഛനും അറസ്റ്റിലായി. കുട്ടി തനിക്ക് ബാദ്ധ്യതയാണെന്ന് കരുതിയാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ 90 മുറിവുകൾ കണ്ടെത്തി. സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും വാരിയെല്ലിന് ഒടിവുകളും ഉണ്ടായിരുന്നു.കുട്ടിയുടെ കൈകൾക്ക് നേരത്തെ ഒടിവുണ്ടായപ്പോൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ഇത് പൊലീസിനെയോ ചൈൽഡ് വെൽഫെയർ ഓഫീസറെയോ അറിയിച്ചില്ല. സൈക്കിളിൽ നിന്ന് വീണതാണെന്ന പ്രതികളുടെ കള്ളം വിശ്വസിച്ചു. കുട്ടി നേരിടുന്ന പീഡനത്തെക്കുറിച്ച് മുത്തശ്ശി ശിശുസംരക്ഷണ യൂണിറ്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന റിപ്പോർട്ടുകളും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ആവർത്തിക്കുന്ന

ദുരന്തങ്ങൾ

2019ൽ തൊടുപുഴ കരിമണ്ണൂരിലും സമാനമായ രീതിയിൽ കുട്ടി കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അന്ന് സർക്കാർ ഹൈക്കോടതിക്ക് ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOY DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA