SignIn
Kerala Kaumudi Online
Friday, 19 June 2026 6.24 PM IST

കശുവണ്ടി ഇറക്കുമതി അഴിമതി: കോടതിയലക്ഷ്യ കേസിൽ മുഹമ്മദ് ഹനീഷിന് മുന്നറിയിപ്പുമായി ഹൈക്കോടതി

kerala-hc

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. ഗവ. പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹാജരാകാതിരുന്നതോടെ, വാറണ്ട് പുറപ്പെടുവിച്ച് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബഡ്ജറ്റ് തിരക്കുകൾ കാരണമാണ് ഹാജരാകാത്തതെന്ന് അഭിഭാഷക അറിയിച്ചതോടെയാണ് കോടതി കടുത്ത നിലപാട് സ്വീകരിച്ചത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും ഉത്തരവിട്ടു.

ഇനിയും ഹാജരായില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറിയെയും കക്ഷി ചേർത്തിട്ടുണ്ട്. കോടതി അലക്ഷ്യക്കേസിൽ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ഉത്തരവിൽ ഇടപെടാനില്ലെന്നും തന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ ഹർജിക്കാരന് അതേ ബെഞ്ചിൽ ബോദ്ധ്യപ്പെടുത്തി ഇളവ് തേടാമെന്നാണ് ഡിവിഷൻബെഞ്ച് വ്യക്തമാക്കിയത്. നേരിട്ട് ഹാജരാകണമെന്ന നിർദ്ദേശം ഹർജിക്കാരൻ പാലിക്കണമെന്നും ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടിരുന്നു.

വിദേശത്ത് നിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്ത സംഭവത്തിൽ 500 കോടിയുടെ അഴിമതിയാണ് സിബിഐ കണ്ടെത്തിയത്. ഇതിന് പിന്നാലെ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആർ ചന്ദ്രശേഖർ, എംഡി കെ.എ രതീഷ് എന്നിവരെ വിചാരണ നടത്താൻ അനുമതി നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെയാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGH COURT, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA