SignIn
Kerala Kaumudi Online
Friday, 19 June 2026 1.36 AM IST

അവയവക്കച്ചവടം പൂട്ടാൻ ഇ.ഡി റെയ്ഡ് : ആശുപത്രിയിൽ നിന്ന് വൻതോതിൽ പണം ഇടനിലക്കാരന് !

READ ENGLISH VERSION
1

കൊച്ചി/കാസർകോട്/കൊല്ലം: വ്യാജരേഖകൾ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിലെ കള്ളപ്പണ ഇടപാട് തേടി, അഞ്ച് ആശുപത്രികളുൾപ്പെടെ ഒമ്പതിടങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ആശുപത്രി രേഖകൾ പരിശോധിച്ച ഇ.ഡി, അടുത്തിടെ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ വിവരങ്ങൾ തേടി. മുഖ്യപ്രതിയും ഇടനിലക്കാരനുമായ കാസർകോട് മേൽപ്പറമ്പ് വീട്ടിൽ മുഹമ്മദ് നജീബ് കല്ലട്രയുടെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ ആശുപത്രി വൻതോതിൽ പണം നൽകിയെന്നതിന്റെ വിവരം ലഭിച്ചെന്ന് സൂചന.

കൊച്ചിയിൽ മൂന്നും തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ ഓരോന്നും സ്വകാര്യ ആശുപത്രികളിലായിരുന്നു പരിശോധന. കാസർകോട് കളനാട് കലട്രാസ് മെഡിക്കൽ ടൂറിസം ഉടമ നജീബിന്റെ വീട്ടിലെ പരിശോധനയുടെ ഭാഗമായി സഹോദരങ്ങൾ ഉൾപ്പെടെയുള്ള ബന്ധുക്കളെയും വിളിച്ചുവരുത്തി. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് സമ്പാദനം, ഇടനിലക്കാരുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കും. പത്ത് മണിക്കൂറെടുത്തു പരിശോധനയ്ക്ക്.

അതേസമയം എറണാകുളം പള്ളിക്കരയിലെ സണ്ണിയുടെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം, കൊല്ലത്ത് ഇടനിലക്കാരായ ശ്രീജയുടെ കല്ലുംതാഴത്തെ വീട്, സുധീറിന്റെ വടക്കേവിള ദർശന നഗറിലെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തി. ഒന്നര മണിക്കൂറെടുത്തു കൊല്ലത്തെ പരിശോധനയ്ക്ക്. മുഹമ്മദ് നജീബിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല്ലത്തെ പരിശോധന.
അവയവമാറ്റം നിയമപരമാക്കാൻ വ്യാജരേഖകൾ തയ്യാറാക്കാനായി എം.പിമാരുടെ ഉൾപ്പെടെ സീലും ലെറ്റർ പാഡും നിർമ്മിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നജീബും ഭാര്യയും ഉൾപ്പെടെ പത്തിലേറെപ്പേരെ അറസ്റ്റും ചെയ്തു. ഇപ്പോൾ ജാമ്യത്തിലാണ് ശ്രീജയും സുധീറും.

 ദാരിദ്ര്യം മുതലെടുത്ത് അവയവതട്ടിപ്പ്


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സമീപിച്ച് വൻതുക വാഗ്ദാനം ചെയ്യും.

അവയവദാനത്തിന് കാത്തിരിക്കുന്ന സമ്പന്നരെ സമീപിച്ച് വൻ തുകയ്ക്ക് ഇടപാട് ഉറപ്പിക്കും.

തുടർന്ന് രേഖകൾ വ്യാജമായി നിർമ്മിക്കും.

അവയവദാതാക്കൾക്ക് പണത്തിന്റെ ചെറിയൊരു ഭാഗമേ നൽകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRANSPLANT ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA