
കൊച്ചി: കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടത് നിയമപരമായ ഉത്തരവാദിത്വത്തിനപ്പുറം സമൂഹത്തിന്റെയാകെ കടമയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പറഞ്ഞു. ബാലനീതി നിയമം നിലവിൽ വന്നിട്ട് പത്തുവർഷം പിന്നിടുന്ന സാഹചര്യത്തിൽ ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച ചർച്ചായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെടുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള നടപടികൾ വേണം. ഇക്കാര്യത്തിൽ ബാലനീതി നിയമം എത്രത്തോളം ലക്ഷ്യം കണ്ടുവെന്നത് പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കുറ്റാരോപിതരായ കുട്ടികൾക്ക് കുടുംബാന്തരീക്ഷത്തിന് സമാനമായ സാഹചര്യത്തിലുള്ള പരിചരണവും പുനരധിവാസവുമാണ് ലഭിക്കേണ്ടതെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്ന ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപേഴ്സൺ ജസ്റ്റിസ് കെ. നടരാജൻ അഭിപ്രായപ്പെട്ടു.
യൂണിസെഫ് പ്രതിനിധി ജി.കുമരേശൻ ആമുഖപ്രഭാഷണം നടത്തി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കിം, ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) നിക്‌സൺ എം.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |