
കൊച്ചി: മണ്ണെണ്ണയുടെ വിലവർദ്ധനയും ലഭ്യതക്കുറവും കാരണം മത്സ്യബന്ധന വള്ളങ്ങൾ ഇനി പെട്രോളിലേക്കും എൽ.പി.ജിയിലേക്കും. 187 മണ്ണെണ്ണ എൻജിനുകൾ പെട്രോളിലേക്കും 25 എൻജിനുകൾ എൽ.പി.ജിയിലേക്കും മാറ്റാനുള്ള പൈലറ്റ് പദ്ധതിക്ക് സർക്കാർ അനുമതി.
1.95 കോടിയാണ് ചെലവ്. സംസ്ഥാനത്തെ 4300 വള്ളങ്ങളും ഘട്ടംഘട്ടമായി മാറ്റും.
പെട്രോളിലേക്ക് മാറാൻ ആദ്യ ഘട്ടത്തിൽ ഗുണഭോക്താവിന് 50,000 രൂപ രണ്ട് ഗഡുക്കളായി സബ്സിഡി ലഭിക്കും.
രണ്ടാംഘട്ടത്തിൽ 25 വള്ളങ്ങൾ എൽ.പി.ജിയിലേക്ക് മാറ്റും. 9.9 എച്ച്.പി ശേഷിയുള്ള എൽ.പി.ജി കിറ്റിനും ഇൻസ്റ്റലേഷൻ, പരിപാലന സഹായം, മത്സ്യത്തൊഴിലാളികൾക്കും മെക്കാനിക്കുകൾക്കുമുള്ള പരിശീലനം എന്നിവയ്ക്കുമായി ഒരു യൂണിറ്റിന് 27,666രൂപ ചെലവുണ്ടാകും. സിലിണ്ടറിനും സെക്യൂരിറ്റി ഡെപ്പോസിറ്റിനുമായി 7,000 രൂപ കൂടി ചെലവാകും. ഇതിൽ 25 ശതമാനം ഗുണഭോക്തൃവിഹിതമാണ്. ബാക്കി സംസ്ഥാന വിഹിതവും.
സബ്സിഡി മണ്ണെണ്ണവില 103ൽ നിന്ന് 167 രൂപയാണ്. മാർക്കറ്റിൽ തീവിലയും.
ഒരു പെർമിറ്റുള്ള ഔട്ട്ബോർഡ് എൻജിന് പ്രതിമാസം ഏകദേശം 65 ലിറ്റർ മണ്ണെണ്ണ മാത്രമാണ് സബ്സിഡി. 40 എച്ച്.പിയുടെ ഔട്ട്ബോർഡ് എൻജിനുകൾക്ക് മണിക്കൂറിൽ കുറഞ്ഞത് 20ലിറ്റർ ഇന്ധനം വേണം.
ചെലവ് കുറയും, മലിനീകരണമുണ്ടാകില്ല
മത്സ്യത്തൊഴിലാളികളുടെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം
മത്സ്യബന്ധനചെലവ് കുറയ്ക്കാനാകും
എൻജിനുകളുടെ കാര്യക്ഷമത കൂട്ടും
മണ്ണെണ്ണ എൻജിനുകളുടെ പരിപാലന ചെലവ് കുറയ്ക്കും
പരിസ്ഥിതി മലിനീകരണം കുറയും
പരമ്പരാഗത ഇന്ധനങ്ങളെ മാത്രം ആശ്രയിച്ചുളള മത്സ്യബന്ധനം പ്രായോഗികമല്ല. സൗരോർജം ഉൾപ്പെടെയുള്ള ഊർജസ്രോതസുകളെക്കുറിച്ച് ആലോചിക്കണം.
-ചാൾസ് ജോർജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |