
റോഡ് സേഫ്റ്റി ഇൻ കേരള പ്ളാറ്റ്‌ഫോമിന് അനുമതി തേടി ഡിവിഷൻബെഞ്ച്
കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കാൻ, റോഡ് സുരക്ഷാകാര്യങ്ങൾ നിരന്തരം നിരീക്ഷിക്കാൻ 'റോഡ് സേഫ്ടി ഇൻ കേരള' എന്ന പേരിൽ സ്വമേധയാ കേസെടുക്കാനുള്ള സംവിധാനത്തിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അനുമതി തേടാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഏകോപിപ്പിക്കാൻ ആറ് മാസത്തിനകം ജി.ഐ.എസ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കാൻ നിർദ്ദേശിച്ചു.
പൊലീസ്, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത് തുടങ്ങിയ ഏജൻസികളെ കീഴിൽ കൊണ്ടുവരും. റോഡിലെ കുഴികൾ, അപകടസാദ്ധ്യതയുള്ള ഇടങ്ങൾ (ബ്ലാക്ക് സ്‌പോട്ടുകൾ) എന്നിവ ജനങ്ങൾക്ക് പ്ളാറ്റ്‌ഫോമിൽ രേഖപ്പെടുത്താം. ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികളും രേഖപ്പെടുത്തണം. റോഡ് സുരക്ഷാ ഫണ്ടിലേക്ക് സർക്കാർ നൽകാനുള്ള തുക അനുവദിക്കണമെന്നും നിർദ്ദേശിച്ചു. അഭിഭാഷകനായ ക്ളമൻസ് തോട്ടപ്പിള്ളി സമർപ്പിച്ച ഹർജിയിലാണ് ഇടപെടൽ. കേസ് 75 ദിവസത്തിന് ശേഷം പരിഗണിക്കും.
സ്വകാര്യ ബസുകൾക്ക് സമയക്രമം
അമിതവേഗവും മത്സരയോട്ടവും ഒഴിവാക്കാൻ സ്വകാര്യബസുകളുടെ സമയം ശാസ്ത്രീയമായി പുനഃക്രമീകരിക്കണം.
120 ദിവസത്തിനകം ട്രാൻസ്‌പോർട്ട് കമ്മിഷണർ ഇതിൽ തീരുമാനമെടുക്കണം.
സിംഗപ്പൂർ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിലെ മാതൃകയിൽ പൊതുഗതാഗതത്തിൽ പരിഷ്‌കാരം കൊണ്ടു വരുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കണം.
ഡ്രൈവർമാർക്ക് രജിസ്റ്റർ
ഹെവി വാഹനങ്ങളിലെയും ബസുകളിലെയും ഡ്രൈവർമാരുടെ വിവരമുൾപ്പെടുത്തി പ്രത്യേക രജിസ്റ്റർ
ദേശീയപാതകളിലും പ്രധാനറോഡിലും ഓരോ 30 കിലോമീറ്റർ ഇടവിട്ടും ആംബുലൻസ് സൗകര്യം
റോഡരികിലെ അപകടകരമായ വൈദ്യുതപോസ്റ്റും തൂങ്ങിക്കിടക്കുന്ന കേബിളും കെ.എസ്.ഇ.ബി നീക്കണം
റോഡുമുറിച്ചു നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിന് മുൻകൂട്ടി അനുമതി
റോഡുനിർമ്മാണത്തിലെ അപാകതകൾക്ക് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം
കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ മാസവും റോഡ് സുരക്ഷാസമിതി യോഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |