
, 5 ഏക്കറും 10 കോടിയും മതി
തിരുവനന്തപുരം: സ്വകാര്യസർവകലാശാലകൾ സ്ഥാപിക്കാൻ കൂടുതൽ ഇളവുകൾ നൽകുന്ന പുതിയ നിയമം കൊണ്ടുവരും. നേരത്തേ പാസാക്കിയ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപിക്കലും നിയന്ത്രണവും) ബിൽ, ചട്ടം-118 പ്രകാരം പ്രമേയത്തിലൂടെ അടുത്ത സഭാസമ്മേളനത്തിൽ പിൻവലിക്കും.
ഭൂമിയുടെ നിർബന്ധിത ഉടമസ്ഥത, കൈവശാവകാശം, നിർബന്ധിത സ്ഥിരനിക്ഷേപം എന്നിവയിലാവും ഇളവുകൾ.
ട്രഷറിയിൽ 25 കോടി നിക്ഷേപവും പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാമെന്നായിരുന്നു മുൻബില്ലിലെ വ്യവസ്ഥ. നിക്ഷേപം 10 കോടിയാക്കാനും ഭൂമി അഞ്ചേക്കറായി ചുരുക്കാനുമാണ് ആലോചന. കോഴ്സുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിന് അനുസരിച്ച് നിക്ഷേപത്തുക നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്. ഭൂമിയുടെ ഉയർന്ന വിലയും നഗരങ്ങളിൽ പത്തേക്കർ ഒരുമിച്ച് ലഭിക്കാനുള്ള പ്രയാസവും പരിഗണിച്ചാണ് ഇളവ്. സ്ഥിരനിക്ഷേപം കൂട്ടിയാൽ കുട്ടികളുടെ ഫീസിനത്തിൽ പ്രതിഫലിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
എൻജിനിയറിംഗ്,നിയമം,ഫാർമസി,പാരാമെഡിക്കൽ എന്നിങ്ങനെ വിവിധ പഠനശാഖകളുള്ള മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാവും വരുന്നത്.ഒരു ഡസനിലേറെ ഏജൻസികൾ രംഗത്തുണ്ട്. നിലവിലെ കോളേജുകളും സർവകലാശാലയാക്കാം.
ബിൽ പിൻവലിച്ചാലുടൻ ഗവർണർ മുഖേന കേന്ദ്രസർക്കാരിനെ അറിയിക്കുകയും, ഭരണഘടനയുടെ അനുച്ഛേദം-201 അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. സ്വകാര്യ സർവകലാശാലയില്ലാത്ത ഏകസംസ്ഥാനമാണ് കേരളം.
യു.പിയിൽ നൂറേക്കർ
സർക്കാർ നൽകും
1. ഉത്തർപ്രദേശിൽ ഗ്രാമങ്ങളിൽ സ്വകാര്യസർവകലാശാല സ്ഥാപിക്കാൻ നൂറേക്കർ വരെ നൽകും. സ്റ്റാമ്പ്ഡ്യൂട്ടിയിലും രജിസ്ട്രേഷൻ നിരക്കിലും 50%മുതൽ 100%വരെ ഇളവ്.
2. ഗുജറാത്തിലും മദ്ധ്യപ്രദേശിലും കുറഞ്ഞ നിരക്കിൽ അല്ലെങ്കിൽ ദീർഘകാല പാട്ടത്തിന് ഭൂമി ലഭ്യമാക്കുന്നു. കർണാടകത്തിൽ നിക്ഷേപം 10 കോടിയാണ്.
3. കൃഷി ഭൂമിയാണെങ്കിൽ, തരംമാറ്റ ഫീസിൽ പൂർണ്ണമായോ ഭാഗികമായോ ഇളവ്. ഏഴു വർഷം വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി.
4)പല സംസ്ഥാനങ്ങളും അടിസ്ഥാനസൗകര്യ വികസനത്തിനായി ചിലവഴിക്കുന്ന തുകയുടെ നിശ്ചിത ശതമാനം സബ് സിഡിയായി നൽകുന്നു. ഇൻക്യുബേറ്ററുകളും ടെക്നോളജി പാർക്കുകളും സ്ഥാപിക്കാൻ സാമ്പത്തിക സഹായം. ഏകജാലക സംവിധാനത്തിൽ അനുമതി.
'' ഉപരിപഠനത്തിന് പുറത്തേക്ക് പോകുന്നത് പൂർണമായി തടയുക പ്രായോഗികമല്ല. ലോകത്തെവിടെയും കിട്ടാവുന്ന വിദ്യാഭ്യാസത്തിനും അവസരങ്ങൾക്കും തുല്യമായ സാധ്യതകൾ കേരളത്തിൽ ഒരുക്കുകയാണ് ലക്ഷ്യം.''
-റോജി എം ജോൺ
ഉന്നതവിദ്യാഭ്യാസമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |