
കൊച്ചി: കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും നിയമം തടസമാകുന്ന സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾ അവരെ സംരക്ഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 'പേരൻസ് പാട്ര്യേ" (രാജ്യത്തിന്റെ രക്ഷിതാവ്) എന്ന കോടതിയുടെ ഈ അധികാരം സംബന്ധിച്ച് കുട്ടികൾ ബോധവാന്മാരാകണം. വിഷയം സ്കൂൾ പാഠഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വിവാഹിതരാകാതെ ഒരുമിച്ചുകഴിയുന്ന പങ്കാളികളുടെ മകളുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയത് തിരുത്താൻ ഉത്തരവിട്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം.
നിയമത്തിൽ ലളിതമായ മാർഗമില്ലെന്ന കാരണത്താൽ ഒരു കുട്ടിയും തലകുനിക്കേണ്ടിവരരുതെന്ന് കോടതി പറഞ്ഞു.
മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ നിയമപരമായ പ്രശ്നങ്ങളോ ജനന സാഹചര്യങ്ങളോ കുട്ടികളെ ബാധിക്കരുത്. ഓരോ കുട്ടിയും രാജ്യത്തിന്റെ അമൂല്യ സ്വത്താണെന്നും അവർ 'സൂപ്പർ സ്റ്റാറിനെ" പോലെ ജീവിക്കണമെന്നും കോടതി പറഞ്ഞു. നിയമത്തിന്റെ നൂലാമാലകൾ കുട്ടിയുടെ അന്തസിനെ മുറിപ്പെടുത്തുമ്പോൾ കോടതികൾ അവർക്ക് കവചമാകണം.
ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷം ലിവിംഗ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്ന പങ്കാളികൾക്ക് കഴിഞ്ഞ ഫെബ്രുവരി 4നാണ് പെൺകുഞ്ഞ് ജനിച്ചത്. ജനന രജിസ്റ്ററിൽ കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് അമ്മയുടെ മുൻഭർത്താവിന്റെ പേരാണ് രേഖപ്പെടുത്തിയത്. തിരുത്താൻ കൊച്ചി നഗരസഭയെ സമീപിച്ചെങ്കിലും നിയമതടസങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. തുടർന്നാണ് പങ്കാളികൾ ഹൈക്കോടതിയിലെത്തിയത്.
നിലവിലെ നിയമപ്രകാരം ഇത്തരം തിരുത്തലുകൾക്ക് ഡി.എൻ.എ പരിശോധന ഉൾപ്പെടെ ആവശ്യമാണ്. എന്നാൽ സ്വന്തം മാതാപിതാക്കളെ തെളിയിക്കാൻ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുന്നത് കുട്ടിയോടുള്ള അപമാനമാണെന്ന് കോടതി നിരീക്ഷിച്ചു. 'പേരൻസ് പാട്ര്യേ" നിയമം ഉപയോഗിച്ചാണ് കോടതി ഇടപെട്ടത്. പിതാവിന്റെ പേര് തിരുത്തി ഒരു മാസത്തിനകം ജനന സർട്ടിഫിക്കറ്റ് നൽകാൻ കൊച്ചി നഗരസഭ രജിസ്ട്രാർക്ക് കോടതി നിർദ്ദേശം നൽകി.
ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ വരുത്തുന്നതിനെക്കുറിച്ച് സർക്കാരുകൾ ചിന്തിക്കണം. രക്ഷാകർതൃ തർക്കമില്ലെങ്കിൽ ഡി.എൻ.എ പരിശോധന ഒഴിവാക്കുന്നത് പരിഗണിക്കണം. വിധിപ്പകർപ്പ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് അയയ്ക്കാനും കോടതി നിർദ്ദേശിച്ചു.
ആശാൻ കവിത പോലെ
കുമാരനാശാന്റെ 'പരിക്കേറ്റ കുട്ടി" എന്ന കവിതയിലെ
''അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാൻ
കരയായ്‌കോമനേ ... "" എന്നു തുടങ്ങുന്ന
വരികൾ ഉദ്ധരിച്ച്, അമ്മയുടെ കരുതൽ പോലെയാകണം ഇത്തരം സാഹചര്യങ്ങളിൽ കോടതികളുടെ ഇടപെടലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |