SignIn
Kerala Kaumudi Online
Thursday, 08 October 2026 2.47 AM IST

കേരളത്തിന് എയിംസ്: അനുകൂല തീരുമാനം വേണമെന്ന് ഹൈക്കോടതി

highcourt

കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ആരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച മികച്ച നേട്ടം എങ്ങനെയാണ് അയോഗ്യതയായി മാറുന്നതെന്നു ചോദിച്ച കോടതി, എയിംസ് അനുവദിക്കുന്നതിൽ ആറാഴ്ചയ്‌ക്കകം നിലപാടറിയിക്കാനും നിർദ്ദേശിച്ചു. എയിംസിനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന കാസർകോട് ജനകീയ കൂട്ടായ്മയുടെ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൗമെൻസെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്.
കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ ഇതു വരെ തത്വത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അറിയിച്ചു. ആരോഗ്യ രംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് മുഖ്യ പരിഗണന. കേരളം ആരോഗ്യ മേഖലയിൽ മുന്നിലാണെന്ന് വിശദീകരിച്ചപ്പോഴായിരുന്നു, അതെങ്ങനെ അയോഗ്യതയാകുമെന്ന കോടതിയുടെ ചോദ്യം.കേന്ദ്രം പറഞ്ഞ ന്യായങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേരളത്തിന്റെ ആവശ്യം വർഷങ്ങളായി കേന്ദ്രപരിഗണനയിലാണെങ്കിലും നടപടി ഉണ്ടായില്ലെന്നും പറഞ്ഞു.

എയിംസിനായി കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ സംസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. വലിയ ആശുപത്രികളിൽ സാധാരണക്കാർക്ക് പോകാനാകുമോ? വിഷയം നാലു വർഷമായി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുകയല്ലേയെന്നും ചോദിച്ചു.

ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടം അയോഗ്യതയല്ലെന്നും മുൻഗണനാക്രമത്തിൽ പരിഗണിക്കുമെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വിശദീകരിച്ചു. എല്ലാ സംസ്ഥാനത്തും എയിംസെന്നതാണ് നിലപാടെന്നും വ്യക്തമാക്കി. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA