
തിരുവനന്തപുരം: ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക അറിവുമില്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡിജിറ്റൽ സുരക്ഷ ബോധവത്കരണത്തിനായി കേരള ഐ.ടി മിഷന്റെയും ഐ.സി.ടി അക്കാഡമിയുടെയും സഹകരണത്തോടെ ഐ.ടി വകുപ്പ് നടപ്പിലാക്കുന്ന 'സേഫ് ടെക്" സൈബർ ജാഗ്രത ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനം സാങ്കേതികവിദ്യയെ കൂടുതൽ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ തട്ടിപ്പുകൾ വർദ്ധിക്കുന്നു. ജനജീവിതം ടെക്‌നോളജി അസിസ്റ്റഡ് ആയിമാറി. കൃത്യമായ ധാരണയില്ലെങ്കിൽ വലിയ ചൂഷണങ്ങൾക്ക് ഇരയാകുമെന്നും മന്ത്രി പറഞ്ഞു.
ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന പരിപാടിയിൽ മന്ത്രി സി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. സൈബർ ജാഗ്രത സേഫ്ടെക് ക്യാമ്പയിന്റെ പോർട്ടൽ മന്ത്രി റോജി എം.ജോണും ഭാഗ്യമുദ്ര 'കിയോ" മന്ത്രി എൻ.ഷംസുദ്ദീനും അംബാസഡർമാരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ മന്ത്രി ബിന്ദു കൃഷ്ണയും പ്രകാശനം ചെയ്തു.
ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തി. ഐ.ടി മിഷൻ ഡയറക്ടർ സച്ചിൻ കുമാർ യാദവ് സ്വാഗതം ആശംസിച്ചു. ഇന്നവേഷൻ ആൻഡ് റിസർച്ച് മേധാവി ആൽഫ.എസ്.എസ്, ഐ.സി.ടി അക്കാഡമി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുരളീധരൻ മന്നിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |