തിരുവനന്തപുരം: ഔദ്യോഗിക വസതികളിലെ അറ്റകുറ്റപ്പണികൾ നീണ്ടു പോകുന്നതിനാൽ അവിടേക്ക് താമസം മാറാൻ കഴിയാതെ പകുതിയോളം മന്ത്രിമാർ. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് അടക്കം ഇതിൽപെടും.
ഓടിട്ട കെട്ടിടങ്ങളുടെയെല്ലാം പ്രധാന പ്രശ്നം ചോർച്ചയും മരപ്പട്ടി ശല്യവുമാണ്. ഇതു പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അടുക്കളയിൽ ഉൾപ്പെടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണിയുള്ളത് മന്ത്രി ഷിബു ബേബിജോണിന് അനുവദിച്ച എസെൻഡേനിലാണ്. ഇവിടെ മേൽക്കൂരയിലെ ഓട് മുഴുവൻ മാറ്റി ഷീറ്റ് സ്ഥാപിക്കുകയും പിന്നീട് ഓട് പാകുകയും വേണമെന്നാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ നിർദ്ദേശം. ഇതല്ലാതെ ചോർച്ച പരിഹരിക്കാൻ കഴിയില്ല. ഇതുവരെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല. കന്റോൺമെന്റ് ഹൗസിലും ചോർച്ചയാണ് പ്രധാന പ്രശ്നം.
അതേസമയം, ചില ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും കർക്കട മാസത്തിൽ അവിടേക്ക് താമസം മാറാൻ മന്ത്രിമാർ താത്പര്യം കാണിക്കുന്നില്ല. ചിങ്ങ മാസത്തിൽ താമസം മാറാമെന്നാണ് അവരുടെ നിലപാട്. മന്ത്രി ഒ.ജെ.ജനീഷിനായിരുന്നു മൻമോഹൻ ബംഗ്ളാവ് അനുവദിച്ചിരുന്നത്. എന്നാൽ ഇത് അനൂപ് ജേക്കബിന് വേണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ അദ്ദേഹത്തിന് നൽകി. ജനീഷിനു വേണ്ടി ടൂറിസം വകുപ്പ് വാടക വീട് അന്വേഷിക്കുകയാണ്. ഓഗസ്റ്റ് 15ഓടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്നാണ് ഇവയുടെ ചുമതലയുള്ള ടൂറിസം വകുപ്പ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |