തൃശൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഗുരുവായൂരിലായിരുന്നു സംഭവം. കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്. പുകശ്വസിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പൊട്ടിത്തെറിയിൽ വീട്ടിനുള്ളിലാകെ പുക നിറഞ്ഞതോടെയാണ് ഇരുവരും ഉണർന്നത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാത്ത ദമ്പതികൾ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീട്ടിനുള്ളിൽ നിന്ന് ഇരുവരെയും പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത് കണ്ടത്.
ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് കരുതുന്നത്. പൊട്ടിത്തെറിയുടെ ശക്തിയിൽ വീടിന്റെ ഭിത്തികൾ വിണ്ടുകീറുകയും ജനാലച്ചില്ലുകൾ തകരുകയും ചെയ്തു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഷോർട്ട് സർക്യൂട്ടുമൂലം ഫ്രിഡ്ജ് പൊട്ടിത്തെറിക്കാം. എന്നാൽ മറ്റുചില കാരണങ്ങളും പൊട്ടിത്തെറിക്ക് ഇടയാക്കും. ഫ്രിഡ്ജിന്റെ പിന്നിലുള്ള കംപ്രസറാണ് പലപ്പോഴും പൊട്ടിത്തെറിക്ക് പ്രധാന കാരണക്കാരനാവുന്നത്. ഇതിൽ നിറച്ചിരിക്കുന്ന ഗ്യാസുകൾ വളരെപ്പെട്ടെന്ന് തീപിടിക്കാൻ സാദ്ധ്യതയുള്ളവയാണ്. കംപ്രസറിൽ നിന്ന് ഗ്യാസ് ചോരുകയും ആ സമയം പ്ലഗിൽ നിന്നോ മറ്റൊ ഒരു ചെറിയ തീപ്പൊരി ഉണ്ടാവുകയും ചെയ്താൽ വൻ പൊട്ടിത്തെറിക്ക് ഇടയാകും.
ഫ്രിഡ്ജിന് പുറകിലെ കോയിലുകളിൽ അമിതമായി പൊടിപിടിച്ചിരിക്കുന്നതും ഫ്രിഡ്ജ് നന്നായി ചൂടായിട്ടും തണുക്കാൻ അനുവദിക്കാതെ വീണ്ടും പ്രവർത്തിപ്പിക്കുന്നതും പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത കൂട്ടുന്നു.
An elderly bedridden couple was injured after a refrigerator exploded at their home in Guruvayur, Thrissur. The victims, Kuttappan (70) and Ambika (65), suffered breathing difficulties after inhaling smoke and were admitted to a hospital. Their injuries are not believed to be serious.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |