SignIn
Kerala Kaumudi Online
Sunday, 18 October 2026 6.37 AM IST

പൊലീസ് കാന്റീനിലെ വമ്പൻ അഴിമതി അറിയിച്ചിട്ടും നടപടിയെടുക്കാതെ ഡി ജി പി, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

dgp

തിരുവനന്തപുരം: പൊലീസ് കാന്റീൻ അഴിമതിയെക്കുറിച്ച് പൊലീസ് ആസ്ഥാനത്ത് നേരത്തേ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്ന് റിപ്പോർട്ട്. അടൂർ സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീനിൽ വൻ അഴിമതി നടക്കുന്നതായി അറിയിച്ച് കെ എ പി മൂന്നാം ദളം കമാൻഡന്റ് ഡി ജി പിക്ക് നൽകിയ റിപ്പോർട്ട് പുറത്തായതോടെയാണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ ക്രമക്കേടുകൾ പൊലീസ് ആസ്ഥാനത്ത് അറിയിച്ചെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ അഴിമതിയെക്കുറിച്ച് പുറത്തുള്ള ഏജൻസിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും നിർദേശമുണ്ട്.

2018–19 കാലഘട്ടത്തിൽ കാന്റീനിൽ 42,29,956 രൂപയുടെ തീരെ ചെലവാകാൻ സാദ്ധ്യതയില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മേലധികാരികൾ നൽകിയ വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അനാവശ്യമായി വാങ്ങിക്കൂട്ടിയ പഴകിയ ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥരുടെമേൽ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇവ അതത് കമ്പനികൾക്ക് തിരിച്ചു നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

2018–19 കാലഘട്ടത്തിൽ വാങ്ങിയ 11,33,777 രൂപയുടെ ഉൽപ്പന്നങ്ങൾ സ്റ്റോക്കിൽ കാണാതാവുകയും ചെയ്തു. കാന്റീൻ ഗോഡൗൺ നിർമാണത്തിലും വലിയ ക്രമക്കേടുകൾ നടന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. താരതമ്യേന ചെറിയ കാന്റീനായ അടൂരിൽ ഇത്രയും ക്രമക്കേട് നടന്നെങ്കിൽ മറ്റുള്ള സ്ഥലങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായി വേണം കരുതാൻ എന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. നേരത്തെ ഇടുക്കി ജില്ലയിലെ പൊലീസ് കന്റീൻ നടത്തിപ്പിനെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUGE CORRUPTION-IN-POLICE-CANTEEN-ADOOR REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA