
22ന് തുടക്കം
തിരുവനന്തപുരം: പൂർണമായും ഗ്ളാസ് കൊണ്ട് നിർമ്മിച്ച കോച്ചിൽ, കറങ്ങുന്ന കസേരയിലിരുന്ന് ഒരു ട്രെയിൻ യാത്ര പോയാലോ... മധുര- ഗുരുവായൂർ- മധുര എക്സ്പ്രസിൽ സംസ്ഥാനത്തെ ആദ്യ വിസ്റ്റഡോം കോച്ച് ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ. 22 മുതൽ ഗുരുവായൂരിൽ നിന്ന് കൊല്ലം, പുനലൂർ, ചെങ്കോട്ട വഴി മധുരയിലേക്കാണ് സർവീസ്. 2027 ജനുവരി 15 വരെ സർവീസ് നടത്തും. ട്രെയിൻ നമ്പർ: 16327/16328. മധുര- ഗുരുവായൂർ എക്സ്പ്രസിൽ (ട്രെയിൻ നമ്പർ: 16327 ) 23 മുതൽ 2027 ജനുവരി 16 വരെയും കോച്ചുകൾ ഘടിപ്പിക്കും. വിസ്റ്റഡോം എ.സി ചെയർകാർ കാറ്റഗറിയിലാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടില്ല. കൊല്ലത്തു നിന്ന് മധുരയിലേക്ക് 750നും 1200നുമിടയിൽ ടിക്കറ്റ് നിരക്കാകുമെന്നാണ് സൂചന.
ചെങ്കുത്തായ മലനിരകൾക്കിടിയിലൂടെയും തുരങ്കങ്ങളിലൂടെയും കുന്നിൻ ചരിവുകളിലൂടെയും നദീതീരങ്ങളിലൂടെയും കടന്നുപോകുന്ന കൊല്ലം- മധുര ട്രെയിൻ യാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും.
കറങ്ങുന്ന കസേരയിൽ
പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര
ബോഗിയുടെ മുകൾഭാഗവും താഴെയും ഒഴികെ പൂർണമായും ഗ്ളാസ് കൊണ്ട് നിർമ്മിച്ച കോച്ചായതിനാൽ യാത്രയിലുടനീളം പ്രകൃതിഭംഗി ആസ്വദിക്കാം. 180 ഡിഗ്രിവരെ സീറ്റുകൾ തിരിക്കാനാകും. ഷിരദി ഘട്ട്, സക്ലേശ്പൂർ, ബംഗളൂരു- കാർവാർ, മഡ്ഗാവ്- മുംബയ്, ഖണ്ടാല, ലോനവാല, പൂനെ- ഡെക്കാൻ ക്വീൻ, വിശാഖപട്ടണം- അരക്കുവാലി, ഷിംല- കൽക്ക, ന്യൂ ജൽപായ്ഗുരി അലിപൂർദൂർ റൂട്ടുകളിലാണ് നിലവിൽ വിസ്റ്റഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ സർവീസുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |