
പോരാ പോരാ നാളിൽ നാളിൽ
ദൂരദൂരമുയരട്ടെ
ഭാരതക്ഷ്മ ദേവിയുടെ
തൃപ്പതാകകൾ....
(വള്ളത്തോൾ)
ബാപ്പുജി നേടിത്തന്ന ഭാരത സ്വാതന്ത്ര്യത്തിന്റെ 80-ാം പിറന്നാൾ ഇന്ന്. ഝാൻസി റാണിയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ജന്മനാടിനായി ജീവൻ നൽകി. "സ്വരാജ് എന്റെ ജന്മാവകാശം" എന്നു പ്രഖ്യാപിച്ചു ബാലഗംഗാധര തിലക്. ഗോപാലകൃഷ്ണ ഗോഖലെയിൽ നിന്ന് സമര പാഠങ്ങൾ പഠിച്ച ഗാന്ധിജി അഹിംസയുടെ പാതയിൽ പോരാട്ടം ഏറ്റെടുത്തു.
നെഹ്റുവും വല്ലഭായ് പട്ടേലും ശാസ്ത്രിയും അംബേദ്‌കറുമൊക്കെ മുൻനിരയിൽ പോരാടി. ബ്രിട്ടീഷ് ഭീകരതയ്ക്കെതിരെ സായുധ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുത്തു സുഭാഷ് ചന്ദ്രബോസ്. അറിയപ്പെട്ടവരും അല്ലാത്തവരുമായി എത്ര എത്ര പോരാളികൾ, രക്തസാക്ഷികൾ...
ഇങ്ങ് കേരളക്കരയിലും സ്വാതന്ത്ര്യ സമരവീര്യം 18-ാം നൂറ്റാണ്ടുമുതലേ ശക്തമായി മാറ്റൊലികൊണ്ടു. പഴശ്ശി രാജയുടെയും വേലുത്തമ്പി ദളവയുടെയും സുധീരമായ ചെറുത്തുനിൽപ്പും പോരാട്ടവും ചരിത്രം. കെ. കേളപ്പൻ, സി.കേശവൻ, മുഹമ്മദ് അബ്ദുറഹിമാൻ, അക്കാമ്മ ചെറിയാൻ, ടി.കെ. മാധവൻ, പി.കൃഷ്ണപിള്ള, സി.വി. കുഞ്ഞുരാമൻ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള... രാജ്യസ്വാതന്ത്ര്യത്തിനായി ശബ്ദവും തൂലികയും ഉയർത്തിയവർ ഒട്ടേറെ.
സാഹിത്യകാരന്മാരും രചനകളിലൂടെ കേരളക്കരയുടെ സമരവീര്യമുയർത്തി. ദേശസ്നേഹം തുളുമ്പുന്ന കവിതകൾ ജനത്തിന് ആവേശമായി. തൃപ്പതാകകൾ വാനിലെങ്ങും പറക്കട്ടെയെന്നും ഭാരതമെന്ന പേരുകേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം... എന്നും വള്ളത്തോൾ എഴുതി. വരിക വരിക സഹജരേ, സഹനസമര സമയമായെന്ന് അംശിനാരായണപിള്ള ഉദ്ബോധിപ്പിച്ചു.
സ്വാതന്ത്ര്യ ശേഷം വയലാർ സ്കൂൾ മാസ്റ്റർ എന്ന സിനിമയ്ക്കായി എഴുതിയ "ജയ ജയ ജയ ജന്മഭൂമീ..." ആദ്യകിരണങ്ങൾക്കുവേണ്ടി പി.ഭാസ്കരന്റെ തൂലികയിൽ പിറന്ന "ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല...." (രണ്ടും 1964ൽ) മലയാളികളെ എന്നും ആവേശം കൊള്ളിക്കുന്ന എത്രയെത്ര വരികൾ. ഈ സ്വാതന്ത്ര്യദിനപ്പുലരിയിൽ മഹാരഥൻമാർക്ക് നൽകാം ബിഗ് സല്യൂട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |