
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പേരിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സമഗ്ര വികസനത്തിനുമാണ് പുതിയ പദ്ധതി.
പദ്ധതിയുടെ പൂർത്തീകരണം വേഗത്തിലാക്കുന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് വി ഡി സതീശൻ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകുന്നതിനും മുഖ്യമന്ത്രി അദ്ധ്യക്ഷനായും വ്യവസായമന്ത്രി ഉപാദ്ധ്യക്ഷനായുമുള്ള ഇൻവെസ്റ്റ്‌മെന്റ് അഡ്‌വൈസറി കൗൺസിൽ രൂപീകരിക്കും. ഈ കൗൺസിലിൽ ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'നിക്ഷേപകർക്ക് ആവശ്യമായ ഭൂമി, നിയമപരമായ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്നതിനായാണ് ഏകജാലക സംവിധാനമായ ഇൻവെസ്റ്റ്‌മെന്റ് കേരളം സെൽ. ഭൂമി ഏറ്റെടുക്കലിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായി വേണ്ട നടപടികൾ സ്വീകരിക്കും. ഇതിനുള്ള മാർഗരേഖയ്ക്ക് വേണ്ടി പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. ഈ പദ്ധതി വ്യാവസായിക വൈവിധ്യവത്കരണത്തിനും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും മികച്ച സംഭാവന നൽകും.'- വി ഡി സതീശൻ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |