SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

കൂട്ടപ്പിരിച്ചുവിടൽ: ഐ.ടി കമ്പനിക്ക് കുരുക്കായി കള്ളപ്പണ ആരോപണം

a

കൊച്ചി: 300 ജീവനക്കാരെ പിരിച്ചുവിട്ട് പൂട്ടിയ കൊച്ചിയിലെ ഐ.ടി കമ്പനി കോടിക്കണക്കിന് രൂപ കള്ളപ്പണമായി നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് നിക്ഷേപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മ.മാതൃസ്ഥാപനത്തിന്റെ മറവിൽ രൂപീകരിച്ച കടലാസ് കമ്പനികളിലേക്കാണ് നിക്ഷേപങ്ങളെല്ലാം സ്വീകരിച്ചത്.ഇതിനെതിരെ ഇ.ഡിക്കും എൻ.ഐ.എയ്ക്കും രേഖകൾ സഹിതം പരാതി നൽകുമെന്ന് കൂട്ടായ്മയുടെ കമ്മ്യൂണിക്കേഷൻ കോ-ഓർഡിനേറ്റർ അനന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ സിലിക്കൺ വാലി എന്ന ആശയവുമായാണ് കമ്പനി നിക്ഷേപകരെ ആകർഷിച്ചിരുന്നത്.സ്ഥലമോ കെട്ടിടമോ ഐ.ടി പാർക്കിനായി ഏറ്റെടുത്ത്,കമ്പനി നിർദ്ദേശിക്കുന്ന മാതൃകയിൽ കെട്ടിടം ഒരുക്കുകയായിരുന്നു രീതി.ഒരു ലക്ഷത്തിന് മാസം 1000 രൂപയായിരുന്നു ലാഭവിഹിതം.മലബാർ മേഖലയിലുള്ളവരാണ് നിക്ഷേപകരിൽ ഏറെയെന്നും ഭൂരിഭാഗം പേരും കള്ളപ്പണമാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും അനന്ദു ആരോപിച്ചു.50 ലക്ഷം മുടക്കി 12,000 സ്ക്വയർ‌ഫീറ്റ് കെട്ടിടം നിർമ്മിച്ചെങ്കിലും മൂന്നാം മാസം മുതൽ ഒരു രൂപപോലും കിട്ടിയില്ലെന്ന് തൃശൂർ ആളൂർ സ്വദേശി ജോയ് പാറേക്കാരൻ പറഞ്ഞു.

'നിക്ഷേപകരെ കൊണ്ടുവന്നാൽ ശമ്പളം"

''പതിനൊന്ന് മാസത്തെ ശമ്പളം കിട്ടാനുണ്ട്.ചോദിക്കുമ്പോൾ തരാമെന്നായിരുന്നു പറഞ്ഞിരുന്നത്.പിന്നീട് നിക്ഷേപം കൊണ്ടുവന്നാൽ തരാമെന്നായി.നഷ്ടപരിഹാരമൊന്നും വേണ്ട,തരാനുള്ള ശമ്പളം തന്നാൽ മതി,""-ഐ.ടി കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പ്രോഗ്രാം ഡെവലപ്പറായ കോഴിക്കോട് സ്വദേശി അഭിനന്ദ് പറയുന്നു.ഒന്നര വർഷം മുമ്പ് ജോലിയിൽ കയറിയ ആദ്യമാസം കൃത്യമായി ശമ്പളം നൽകി.പിന്നെ മൂന്ന് മാസം ഒരു രൂപ പോലും കിട്ടിയില്ല.പലതവണ ഇമെയിൽ ചെയ്യുമ്പോഴാണ് ഒരു മാസത്തെ ശമ്പളം നൽകിയിരുന്നത്.ശമ്പളം നൽകാതെ,കൊച്ചിയിലും ഗൾഫിലും കോടികൾ മുടക്കി പരിപാടികൾ സംഘടിപ്പിച്ച് കോടികൾ നിക്ഷേപം വാങ്ങിയെന്ന് അഭിനന്ദ് പറഞ്ഞു.തൊഴിൽ വകുപ്പിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് പരാതി നൽകിയിട്ടുണ്ട്. ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് തൃശൂർ സ്വദേശി ഷിഫാസ് പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA