
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കെ -ടെറ്റ് യോഗ്യതയില്ലാത്തവർക്കും പ്രിൻസിപ്പൽ നിയമനം നൽകും.ഇവരേയും ഉൾപ്പെടുത്തി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽ , ഡി.ഇ.ഒ നിയമനത്തിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥാനക്കയറ്റം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഇന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും സ്‌പെഷ്യൽ സെക്രട്ടറിയുമായും ചർച്ച നടത്തും.
നിയമനം നടത്താൻ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്കും അനുമതി നൽകി. സർക്കാർ സ്‌കൂളുകളിലെ പ്രിൻസിപ്പൽ, ഡി.ഇ.ഒ നിയമനത്തിനായി ഹെഡ്മാസ്റ്റർമാരിൽ നിന്നും എ.ഇ.ഒമാരിൽ നിന്നും തിരഞ്ഞെടുത്ത 130 പേരാണ് കരട് പട്ടികയിലുള്ളത്. കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുള്ള അദ്ധ്യാപകർ കെ ടെറ്റ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവും സർക്കാർ ഉത്തരവിലുള്ള വ്യവസ്ഥകളും അംഗീകരിക്കേണ്ടതാണ്. പട്ടികയിൽ ഉൾപ്പെട്ട കെ-ടെറ്റ് യോഗ്യതയുള്ളവർ, അതിന്റെ പകർപ്പും യോഗ്യതയില്ലാത്തവർ സർക്കാരിന്റെ വ്യവസ്ഥകൾ അംഗീകരിച്ച സാക്ഷ്യപത്രവും ഓഗസ്റ്റ് 7നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർക്ക് കെടെറ്റ് യോഗ്യത നേടാൻ രണ്ടു വർഷത്തെ ഇളവനുവദിക്കും. കെ ടെറ്റില്ലാത്തവരുടെ സ്ഥാനക്കയറ്റം പുന:പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. പ്രിൻസിപ്പൽ, ഡി.ഇ.ഒ നിയമനത്തിലൂടെ അധികമായി കൈപ്പറ്റിയ സാമ്പത്തികാനുകൂല്യങ്ങൾ തിരികെ ഈടാക്കാനും, സ്ഥാനക്കയറ്റം റദ്ദാക്കുന്നതിന് ആക്ഷേപമോ പരാതിയോ ഇല്ലെന്നും, ഭാവിയിൽ അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്നും സത്യവാങ്മൂലം നൽകണം.
സംസ്ഥാനത്തെ 187 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കെ ടെറ്റില്ലാത്ത അദ്ധ്യാപകർക്ക് അതു നേടുന്നതിനാണ് സുപ്രീംകോടതി രണ്ടു വർഷത്തെ സാവകാശം അനുവദിച്ചിട്ടുള്ളത്. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കെ-ടെറ്റ് നേടുന്നതിന് അനുവദിച്ച സാവകാശം സ്ഥാനക്കയറ്റത്തിന് കൂടി ബാധകമാക്കാനാണ് സർക്കാർ തീരുമാനം.പ്രിൻസിപ്പൽമാരില്ലാത്തത് സ്‌കൂളുകളുടെ അക്കാഡമിക പ്രവർത്തനങ്ങളേയും ഭരണത്തേയും സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. കെ ടെറ്റ് യോഗ്യതയുള്ളവരെ മാത്രം പരിഗണിച്ചാൽ നിരവധി അദ്ധ്യാപകരുടെ സീനിയോറിറ്റി നഷ്ടപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |