SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കവടിയാർ കൊട്ടാരത്തിലെ കവർച്ചക്കേസ് എസ്.ഐ.ടിക്ക്

s

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച കേസിന്റെ അന്വേഷണം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ
ജി.അജയനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തു.

അടുത്ത ദിവസം കൊട്ടാരത്തിൽ പരിശോധന നടത്തും. പേരൂർക്കട പൊലീസ് അന്വേഷിച്ച കേസാണ് കൈമാറിയത്. കൊട്ടാരത്തിലെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. ഇതു പൂർത്തിയായശേഷം ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കും. ജീവനക്കാർ, അന്തേവാസികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടക്കം 60ഓളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തേണ്ടത്. പകുതിയോളം പേരുടെ മൊഴി പേരൂർക്കട പൊലീസ് രേഖപ്പെടുത്തിയെന്നാണ് സൂചന. ഇതു പ്രത്യേക സംഘം വിശകലനം ചെയ്യും.

2025 ഒക്‌ടോബർ നവംബർ മാസങ്ങളിൽ നടന്ന കവർച്ചയിൽ പരാതിയുമായി കൊട്ടാരം പൊലീസിനെ സമീപിക്കുന്നത് നാലു മാസം കഴിഞ്ഞാണ്. കൊട്ടാരത്തിൽ വിശദമായ പരിശോധന നടത്തിയിട്ടും പ്രതികളെ സംബന്ധിച്ച സൂചന ലഭിച്ചില്ല.

മോഷണം നടന്ന അലമാരയിൽ നിന്നു വിരലടയാളം ശേഖരിക്കാനുള്ള പരിശോധന നടത്തും. കൊട്ടാരത്തിന്റെ ഉൾഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരുടെ സഹായമില്ലാതെ കവർച്ച നടക്കാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരിലേക്ക് അന്വേഷണം നീളും. സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായ പരിശോധന നടത്തും. സ്വകാര്യ ഏജൻസിയാണ് കൊട്ടാരത്തിന് സുരക്ഷ ഒരുക്കുന്നത്. സി.സി.ടി.വിയിൽ സംശയിക്കത്തക്ക ദൃശ്യങ്ങൾ ഇല്ല. മറ്റു സംസ്ഥാനങ്ങളിൽ നടന്ന സമാന കവർച്ചകളുടെ വിവരങ്ങൾ ശേഖരിക്കാനും തീരുമാനിച്ചിരുന്നു.

കൊട്ടാരവുമായി ബന്ധമുള്ളവരുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങും. ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സൈബർ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് കോടി രൂപ മൂല്യമുള്ള പൗരാണിക ആഭരണങ്ങളാണ് മോഷണം പോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA