SignIn
Kerala Kaumudi Online
Monday, 01 June 2026 2.45 AM IST

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയിൽ അനധികൃത മരം മുറിയെന്ന് പരാതി

e

പുതുക്കാട്: പാട്ടക്കാലാവധി കഴിഞ്ഞതിനെത്തുടർന്ന് സർക്കാർ തിരിച്ചുപിടിക്കാൻ ഉത്തരവിട്ട എസ്റ്റേറ്റ് ഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തുന്നതായി പരാതി. കൊച്ചിൻ മലബാർ കമ്പനിക്ക് പഴയ കൊച്ചി സർക്കാർ 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ വനഭൂമിയിൽ നിന്നാണ് റബർ മരങ്ങൾ കടത്തുന്നത്.

ജുംക്കോളി ടീ ആൻഡ് ഇൻഡസ്ട്രിയൽ എന്ന കമ്പനിക്ക് ഓഹരികൾ വഴി കൊച്ചിൻ മലബാർ കമ്പനി വനഭൂമി കൈമാറിയിരുന്നു. ഇത് പാട്ടക്കരാർ ലംഘനമായതിനാൽ വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല. ഇതിനിടെ മൂപ്പ് പൂർത്തിയായ റബർ മരങ്ങൾ മുറിക്കുന്നതിനും പുതിയ തൈകൾ നടുന്നതിനുമായി കൊച്ചിൻ മലബാർ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. മരം മുറിച്ച് കൃഷി നടത്താമെന്നും മരത്തിന്റെ വിപണി വില കോടതിയിൽ കെട്ടിവയ്ക്കണമെന്നും ഉടമസ്ഥാവകാശത്തിൽ അന്തിമ തീരുമാനമാകുമ്പോൾ തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ തുക കെട്ടിവയ്ക്കാത്തതിനാൽ തത്‌സ്ഥിതി തുടർന്നു.

ഇതിനിടെ ശിവപ്രഭ ടീ ആൻഡ് റബർ ഇൻഡസ്ട്രീസ് എന്ന കമ്പനിക്ക് കൊച്ചിൻ മലബാർ കമ്പനി ഓഹരികൾ കൈമാറി. ഇതും സർക്കാർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് ജുംക്കോളി കമ്പനിയുടെ കൈവശമുള്ള പാലപ്പിള്ളി ഡിവിഷനിലെ ചിമ്മിനി, പുതുക്കാട് എസ്റ്റേറ്റ് ഭൂമികൾ തിരിച്ചുപിടിക്കാൻ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ റവന്യു, വനം വകുപ്പുകൾ ഇതിൽ ഗുരുതര നിസംഗത പുലർത്തിയെന്നാണ് ആക്ഷേപം.

അതേസമയം, കേസുകളും ഓഹരി കൈമാറ്റവും മറച്ചുവച്ച് കഴിഞ്ഞ വർഷം കൊച്ചിൻ മലബാർ കമ്പനി ഹൈക്കോടതിയിൽ മറ്റൊരു ഹർജി നൽകി. വനപാലകരുടെ സാന്നിദ്ധ്യത്തിൽ നിയമാനുസൃതം മരം മുറിക്കാമെന്ന ഉത്തരവും നേടി. ഈ ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ചുകടത്തുന്നുവെന്നാണ് പരാതി. എന്നാൽ ഇതുസംബന്ധിച്ച് ഒരു രേഖയും വനപാലകർക്ക് കിട്ടിയിട്ടില്ല. അനധികൃത മരംമുറി തടയണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ ടി.എൻ.മുകുന്ദനാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA