SignIn
Kerala Kaumudi Online
Saturday, 13 June 2026 2.02 AM IST

സൗജന്യ ബസ് യാത്ര 15ന് രാവിലെ മുതൽ, ഉദ്ഘാടനം തമ്പാനൂരിൽ, 3,125  ഓർഡിനറി ബസുകൾ

READ ENGLISH VERSION
s

തിരുവനന്തപുരം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്ന് മന്ത്രി സി.പി.ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ കുറച്ചുദൂരം യാത്ര ചെയ്യും.

രാവിലെ 9ന് എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായമോ, സംസ്ഥാനമോ നോക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും യാത്ര സൗജന്യമാണ്. പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. കണ്ടക്ടറിൽ നിന്ന് സീറോ ടിക്കറ്റ് കൈപ്പറ്റണം. ഓരോ യാത്രയുടെയും വിവരം രേഖപ്പെടുത്തി സുതാര്യമായ കണക്കെടുപ്പിനാണിത്. സാമ്പത്തിക ബാദ്ധ്യത പൂർണമായും സർക്കാർ വഹിക്കും.

സ്ത്രീകളുടെ യാത്രാച്ചെലവ് ലാഭിക്കുന്നതോടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയും. ധനമിച്ചം വർദ്ധിക്കും. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, വിദ്യാഭ്യാസസംരംഭക പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സജീവമാകും. സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്ക് കൂടുതൽ സ്ത്രീകൾ മാറുന്നതോടെ ഇന്ധന ഉപഭോഗവും ഗതാഗതക്കുരുക്കും കുറയും.

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കും. ഗ്രാമവണ്ടി പദ്ധതി വിപുലീകരിക്കും. നിലവിലുള്ള 58 സർവീസുകൾ 500 ആയി ഉയർത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതവും പ്രയോജനപ്പെടുത്തും. ഡിപ്പോകൾ കേന്ദ്രീകരിച്ച് വികസന കമ്മിറ്റികളും രൂപീകരിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി.അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ.പ്രമോജ് ശങ്കർ എന്നിവരും സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA