കോട്ടയം: 'വെള്ളം" സിനിമയിലെ മുരളിയേക്കാൾ ദയനീയമായിരുന്നു ഏറ്റുമാനൂർ വെട്ടിമുകൾ മുരിക്കുംതാനത്ത് ദീപു മോന്റെ (46) ജീവിതം. പത്തുകൊല്ലം മദ്യത്തിന് അടിമ. ഒടുവിൽ കെട്ടകാലത്തെ ആട്ടിയോടിച്ച് അഞ്ച് പേർക്കായി മാസം ഒന്നര ലക്ഷത്തിലേറെ ശമ്പളം നൽകുന്ന സംരഭകനിലേയ്ക്ക്.
കാർ ഷോറൂമിൽ പെയിന്ററായിരുന്ന ദീപു 2011 മുതലാണ് മദ്യപാനം പതിവാക്കിയത്. കൂട്ടുകാരന് വട്ടിപ്പലിശയ്ക്ക് കടമെടുത്തു കൊടുത്ത പണം തിരിച്ചടയ്ക്കാൻ പറ്റാത്തതിന്റെ പേരിലായിരുന്നു. ആദ്യം ജോലി തുടങ്ങും മുൻപേ കുടിച്ചിരുന്നത് പിന്നീട് ജോലിക്കിടയിലായി. ഇതിനിടെ ജോലിയും നഷ്ടപ്പെട്ടു. പി.എഫും ഗ്രാറ്റ്വിവിറ്റിയും കുടിച്ചു തീർത്തു. വീട് പണയംവച്ചു. ഭാര്യ ശ്രീലതയുടെ മുപ്പത് പവനും മക്കളുടെ കമ്മലും വളയും വീട്ടിലെ പാത്രങ്ങളും വരെ വിറ്റു. വീട്ടിൽ വഴക്കായതോടെ മക്കളായ ശ്രീഹരിയ്ക്കും ശിവശ്രീയ്ക്കും അച്ഛനെ പേടിയായി. ഇതിനിടെ കടംവാങ്ങാൻ ഒരാൾ പോലുമില്ലെന്നായതോടെ മൂത്രക്കുഴിയിൽ ഉപേക്ഷിച്ച ഒഴിഞ്ഞ മദ്യക്കുപ്പികളിൽ നിന്ന് ഊറിവന്ന തുള്ളിയും നാവിലിറ്റിച്ചു. ബോധമില്ലാതെ വഴിയിൽ കിടക്കുന്നതും പതിവാക്കി.
ചേർത്തു പിടിച്ച്
തോംസൺ അച്ചൻ
2021ൽ ഷാപ്പിൽ ഇരിക്കുമ്പോഴാണ് ദീപു കട്ടപ്പന പുളിയാൻമലയിലെ ഡി-അഡിക്ഷൻ സെന്ററായ നവദർശനഗ്രാമിനെ കുറിച്ച് അറിയുന്നത്. തുടർന്ന് അമ്മൂമ്മയുടെ പെൻഷൻ കാശിൽ നിന്ന് ആറായിരം രൂപ വാങ്ങി അവിടേക്ക്. മുഴുവൻ രൂപയ്ക്കും കുടിച്ചിട്ടാണ് ദീപു കൂട്ടുകാർക്കൊപ്പം സെന്ററിലെത്തിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടെ നിന്ന് മുങ്ങി വീട്ടിലെത്തിയെങ്കിലും ദിവസങ്ങൾക്കകം തിരികെ സെന്ററിലേയ്ക്ക്.
ഭാര്യയ്ക്കൊപ്പം നവദർശനഗ്രാമിന്റെ ഡയറക്ടർ ഫാ. തോംസൺ കൂടപ്പാട്ടിനെ കണ്ടു. തുടർന്ന് രണ്ടു മാസത്തെ ചികിത്സയും അച്ചന്റെ കൗൺസിലിംഗും ദീപുവിനെ പുതിയ മനുഷ്യനാക്കി.
ആദ്യ മൂന്ന് മാസം വീട്ടിൽ വെറുതെയിരുന്നു. ദീപുവിലെ മാറ്റമറിഞ്ഞ സുഹൃത്ത് വർക്‌ഷോപ്പിൽ പെയിന്റിംഗ് ജോലി ശരിയാക്കി കൊടുത്തു. പിന്നീട് കരാർ എടുത്ത് ചെയ്യുന്ന നിലയിലേക്ക്. ഇന്ന് ഏഴ് വർക്‌ഷോപ്പുകളിലെ വാഹനങ്ങളുടെ പെയിന്റിംഗ് ദീപുവിനാണ്. ജപ്തിയിലെത്തിയ വീട് തിരിച്ചെടുത്തു. അൽപ്പം സ്വർണവും സ്കൂട്ടറും വാങ്ങി. ഇതിനിടെ കുടിച്ച് ജീവിച്ച ചിലരെ നല്ലവഴിക്ക് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |