
ആലുവ: എത്ര നല്ല കാര്യം ചെയ്താലും അതിൽ കുറ്റം കണ്ടെത്തി പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ചിലർ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആലുവയിൽ അൻവർ സാദത്ത് എം.എൽ.എ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.
ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും പ്രതിസന്ധിയിലാകില്ലേയെന്ന കുട്ടികളുടെ ചോദ്യത്തിന് പദ്ധതി ഇത് സ്ത്രീകൾക്കുള്ള സൗജന്യമല്ല, കേരളത്തിന്റെ ആദരവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 800 മുതൽ 1000 കോടി രൂപ വരെയുണ്ടാകുന്ന അധിക ചെലവ് നഷ്ടമല്ല. കെ.എസ്.എഫ്.ഇയിൽ 'പിങ്ക് ചിട്ടി" ആരംഭിക്കും. സൗജന്യ ബസ് യാത്രയിലൂടെ മിച്ചം പിടിക്കുന്ന തുക സ്ത്രീകൾ 'പിങ്ക് ചിട്ടി"യിൽ നിക്ഷേപിച്ച് സ്വന്തമായി വരുമാനം ഉണ്ടാക്കും.
ചരിത്രത്തിൽ ആദ്യമായി സ്വകാര്യ ബസുകൾക്ക് നികുതിയിൽ 50 ശതമാനം ഇളവ് നൽകി. അവയെ പ്രൈവറ്റ് ബസുകളായി നിലനിറുത്തുകയല്ല, പബ്ളിക്ക് ബസുകളാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വേണമെങ്കിൽ സൗജന്യ യാത്ര വേണ്ടെന്നു വച്ച് പണം നൽകാൻ അവർക്ക് അവകാശമുണ്ടെന്നും കുട്ടികളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |