
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്നുപേരുടെ ജീവനെടുത്ത ടിപ്പർ അപകടത്തിനു കാരണം അമിതവേഗവും ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചതുമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
അപകടം നടന്ന കടയ്ക്കോട് റോഡ് ജംഗ്ഷനിൽ നല്ല ഇറക്കമായിട്ടും 56 കിലോമീറ്റർ വേഗതയിലായിരുന്നു ടിപ്പർ. അപകടത്തിന് മുമ്പുള്ള 55 സെക്കൻഡ് ഡ്രൈവർ നിസാം മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു. എഴുകോൺ റോഡിലേക്കായിരുന്നു ടിപ്പറിനു പോകേണ്ടിയിരുന്നത്. നിയന്ത്രണം തെറ്റി കൊട്ടാരക്കര റോഡിലേക്ക് തിരിഞ്ഞ് കടത്തിണ്ണയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. നിസാമിന് ഹെവി ലൈസൻസുമില്ലായിരുന്നു.
കഴിഞ്ഞ 23ന് രാവിലെ 7.17നായിരുന്നു അപകടം. സംഭവത്തിൽ ഡ്രൈവർ മുകുന്ദപുരം വിളയിൽ വടക്കേക്കര വീട്ടിൽ എ.നിസാമിനെതിരെ കൊട്ടാരക്കര പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ടിപ്പർ ഉടമയെയും കേസിൽ പ്രതിചേർത്തു. കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ.ദിലുവാണ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.
ജി.പി.എസ് ടാഗ്
ചെയ്യാതെ ഫിറ്റ്നസ്
ടിപ്പർ ലോറിയിലെ ജി.പി.എസ് മോട്ടോർ വാഹന വകുപ്പിന്റെ പോർട്ടലുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ടാഗ് ചെയ്യാതെയാണ് മൂന്നുമാസം മുമ്പ് കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി ഓഫീസ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. അതിനാൽ, വാഹനത്തിന്റെ വേഗത മോട്ടോർ വാഹന വകുപ്പിന് തത്സമയം ലഭിച്ചിരുന്നില്ല. ജി.പി.എസ് നിർമ്മിച്ച കമ്പനിയിൽ നിന്നാണ് സംഭവസമയത്തെ വേഗത ലഭിച്ചത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നേരത്തെ ഫിറ്റ്നസ് പരിശോധന നടത്തിയ കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐയെയും എ.എം.വി.ഐയെയും സസ്പെൻഡ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |