SignIn
Kerala Kaumudi Online
Monday, 06 July 2026 4.55 AM IST

വിക്ഷേപണങ്ങൾ വൈകുന്നു ഐ.എസ്.ആർ.ഒയിൽ ഇളക്കി പ്രതിഷ്ഠ

d

തിരുവനന്തപുരം: പി.എസ്.എൽ.വി റോക്കറ്റിന്റെ രണ്ട് തുടർപരാജയങ്ങൾ, അനിശ്ചിതമായി വൈകുന്ന വിക്ഷേപണങ്ങൾ. ഐ.എസ്.ആർ.ഒയിൽ വൻ ഇളക്കി പ്രതിഷ്ഠയ്ക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ.

സുപ്രധാന കേന്ദ്രങ്ങളായ തുമ്പ വി.എസ്.എസ്.സി, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്റർ, ബംഗളൂരുവിലെ ഇസ്രോ ടെലിമെട്രി ആൻഡ് ട്രാക്കിംഗ് സെന്റർ, അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷൻ സെന്റർ, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ്, മഹേന്ദ്രഗിരിയിലെ ഐ.പി.ആർ.സി, ബംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്റർ തുടങ്ങിയിടങ്ങളിലെ മേധാവികളെ മാറ്റും. ഒരേസമയം എല്ലാവരേയും മാറ്റുന്നതും ആർക്കും സ്ഥിരമായ ചുമതല നൽകാത്തതും വിരമിക്കുന്നവർക്ക് കാലാവധി നീട്ടിക്കൊടുക്കാത്തതുമാണ് പുതിയ നീക്കത്തിന്റെ സവിശേഷത.

2025 മേയ് 18ലെ പി.എസ്.എൽ.വിയുടെ 61-ാം ദൗത്യവും 2026 ജനുവരി 12ലെ 62-ാംദൗത്യവുമാണ് പരാജയപ്പെട്ടത്. ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ വ്യക്തതയോടെ പകർത്താൻ ശേഷിയുള്ള ഉപഗ്രഹങ്ങളുൾപ്പെടെ ഇതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കുതിപ്പിനാണ് ഇത് തിരിച്ചടിയായത്. 2017നുശേഷം ആദ്യമായാണ് പി.എസ്.എൽ.വി ദൗത്യം പരാജയപ്പെടുന്നത്.

ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. എസ്. സോമനാഥ് മാറിയശേഷം ഡോ. വി. നാരായണൻ ചുമതലയേറ്റതോടെ പല ശാസ്ത്രജ്ഞർക്കും സ്ഥാനചലനമുണ്ടായി. ചിലർ ഐ.എസ്.ആർ.ഒ വിട്ടുപോയി. നാരായണൻ നേതൃത്വം നൽകിയ രണ്ട് പ്രധാന ദൗത്യങ്ങളും പരാജയപ്പെട്ടു. അടുത്തവർഷം ജനുവരിയിലാണ് നാരായണന്റെ കാലാവധി പൂർത്തിയാകുന്നത്.

അട്ടിമറി സംശയവും

പി.എസ്.എൽ.വി പരാജയത്തിനുശേഷം ഒരു വിക്ഷേപണവും നടന്നിട്ടില്ല. ഗഗൻയാൻ ആളില്ലാ പരീക്ഷണ വിക്ഷേപണവും അനിശ്ചിതമായി നീളുകയാണ്. പി.എസ്.എൽ.വി പരാജയം അട്ടിമറിയാണോയെന്ന സംശയം കേന്ദ്ര സർക്കാരിനുണ്ട്. ഐ.എസ്.ആർ.ഒയ്ക്ക് പുറമെയുള്ള സമിതിയെ കൊണ്ട് അന്വേഷണം നടത്തി. പിന്നാലെ ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവൽ തുമ്പയിലെ വി.എസ്.എസ്.സിയിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA