
വടകര : കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിൽ മനംനൊന്ത് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി (71) ജീവനൊടുക്കിയ കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റും മുൻ ഡി.സി.സി സെക്രട്ടറിയുമായ ടി.വി.സുധീർ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു ഇയാൾ. നിക്ഷേപിച്ച 22 ലക്ഷം തിരികെ ലഭിക്കാഞ്ഞതോടെ കഴിഞ്ഞ മേയ് 29ന് വടകര പഴങ്കാവിലെ സുധീർ കുമാറിന്റെ വീട്ടിലെത്തി ഇബ്രാഹിം ഹാജി തീകൊളുത്തിയിരുന്നു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രിയോടെ മരിച്ചു.
മരണത്തിന് ഉത്തരവാദി കോൺഗ്രസ് നേതാവ് സുധീർ കുമാറും സൊസൈറ്റി പ്രസിഡന്റ് ബഷീറുമാണെന്ന് ആരോപിക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ആദ്യഘട്ടത്തിൽ പലിശ മാത്രമേ നൽകിയുള്ളൂ. പിന്നീട് അതും നിലച്ചു. പണം കിട്ടാതെ വന്നതോടെയാണ് തീ കൊളുത്തിയത്. പിന്നീട് നിരവധി പേർ സൊസൈറ്റിക്കെതിരെ പരാതിയുമായെത്തി. ഇതോടെ സുധീർകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 2021 ജൂലായ് 29 മുതൽ 2023 ജൂലായ് 22 വരെയുള്ള കാലയളവിൽ നിക്ഷേപിച്ച 22 ലക്ഷം തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇബ്രാഹിം ഹാജി വടകര പൊലീസിലും പരാതി നൽകിയിരുന്നു. പിന്നീട് കേസ് വടകര ക്രൈംബ്രാഞ്ചിന് കൈമാറി. ഇവർ നടത്തിയ പരിശോധനയിൽ 2.16 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |