
കൊച്ചി: ജനപ്രതിനിധികൾ പ്രതികളായ കേസുകൾ തീർപ്പാക്കുന്നതിൽ മെല്ലെപ്പോക്ക് തുടരവേ, കണക്കുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി. നിലവിലുള്ളവരും സ്ഥാനം ഒഴിഞ്ഞവരും ഉൾപ്പെടെ എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ ജൂൺ 30വരെ വിവിധ കോടതികളിൽ 5,55 കേസുകൾ നിലവിലുണ്ടെന്നാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ 256 കേസുകൾ മാത്രമാണ്. പൊരുത്തക്കേട് പരിഹരിച്ച് കൃത്യമായ കണക്ക് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ഭാവിയിൽ റിപ്പോർട്ടുകൾ നൽകുമ്പോൾ പൊലീസ് മേധാവി കൂടുതൽ ജാഗ്രത പുലർത്തണമെന്നും കോടതി കർശനനിർദ്ദേശം നൽകി. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ പുരോഗതി വിലയിരുത്താൻ സുപ്രീംകോടതി നിർദ്ദേശപ്രകാരം 2021ൽ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്. അഞ്ചു വർഷത്തിലേറെ പഴക്കമുള്ള 12 കേസുകളിലും രണ്ടുവർഷത്തിലേറെയായ 31 കേസുകളിലും വാറന്റോ സമൻസോ പുറപ്പെടുവിച്ചിട്ടില്ലെന്ന് ജില്ലാ ജുഡിഷ്യറിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിരുവനന്തപുരം നഗരത്തിൽ രജിസ്റ്റർചെയ്ത കേസുകളിൽ വലിയൊരുവിഭാഗം വാറന്റുകൾ ഇനിയും നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ജില്ലാ ജുഡിഷ്യറിയുടെ കണക്കുകൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ പൊലീസ് എ.ഐ.ജിയോട് കോടതി ആവശ്യപ്പെട്ടു. വിഷയം ഓഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |