
കൊച്ചി: പാലക്കാട് ശ്രീകൃഷ്ണപുരത്തെ അബ്കാരി കരാറുകാരനായിരുന്ന കെ.ജി.മുന്നയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളേയും വെറുതേവിട്ട് സി.ബി.ഐ കോടതി. കോളിളക്കം സൃഷ്ടിച്ച കേസിൽ 34 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ മദ്യവ്യവസായി പി.വിജയൻ, സഹോദരപുത്രൻ പി.കെ.സുധീർ, മാനേജർ ജോർജ് മംഗളം എന്നിവരെയാണ് വെറുതേ വിട്ടത്. കേസിലെ ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് പ്രത്യേകജഡ്ജി പി.കെ. മോഹൻദാസ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
1992 ഏപ്രിൽ 11നാണ് മുന്നയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ അംബാസിഡർ കാറിൽ കണ്ടത്. സ്പിരിറ്റും പാംഓയിലും ഉപയോഗിച്ച് കത്തിച്ചെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ലോക്കൽപൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ആത്മഹത്യയെന്ന് എഴുതിത്തള്ളാൻ ശ്രമിച്ചെങ്കിലും, ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് 1994ൽ സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് പല ടീമുകളും അന്വേഷിച്ചു.
മണ്ണാർക്കാട് അബ്കാരി റേഞ്ച് മുന്ന ലേലത്തിൽ പിടിച്ചതിന്റെ പകയിൽ വിജയന്റെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. വിജയന്റെ സഹോദരനും സുധീറിന്റെ പിതാവുമായ മുൻ എം.എൽ.എ പി.കുമാരനെയടക്കം കേസിൽ പ്രതിചേർത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. 2011ലാണ് വിചാരണ തുടങ്ങിയത്.
മൊഴികൾ ദുർബലം
കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടന്നതായി പറയുന്ന ഹോട്ടലിലെ ജീവനക്കാരെ വിസ്തരിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ടൂറിസ്റ്റ് ഹോമിലെ സാക്ഷികളുടെ മൊഴികൾ ദുർബലമാണ്. തെളിവ് നശിപ്പിക്കാനായി കാർ കത്തിച്ചെന്ന ആരോപണവും തെളിയിക്കപ്പെട്ടില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. ഇത്തരം പിഴവുകൾ നിഷ്കളങ്കമാണെന്ന് കരുതാനാവില്ല. സാഹചര്യത്തെളിവുകൾ മാത്രം ആശ്രയിക്കുന്ന കേസുകളിൽ, കുറ്റകൃത്യം സംശയരഹിതമായി തെളിയിക്കേണ്ടതുണ്ട്. പ്രതികളെ കുറ്റവുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയമായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ല.
അന്വേഷണത്തിലെ അപൂർവത
കത്തിക്കരിഞ്ഞ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ സ്കൾ ഇംപോസിഷൻ (തലയോട്ടിയുടെ ശാസ്ത്രീയ പരിശോധന) ഉപയോഗിച്ച ആദ്യകേസുകളിൽ ഒന്നാണിത്. മുന്നയുടെ വിവാഹമോതിരവും തിരിച്ചറിയലിൽ നിർണായകമായി. കൊല നേരിട്ടു കണ്ടുവെന്ന് അവകാശപ്പെട്ട പ്രവാസിയായ ദൃക്‌സാക്ഷിയുടെ മൊഴി സി.ബി.ഐ ഉദ്യോഗസ്ഥൻ ഖത്തറിൽ പോയി രേഖപ്പെടുത്തിയിരുന്നു. ഇയാൾ പിന്നീട് മൊഴിമാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |