
□ഡ്രൈവറുടെ ജാഗ്രതയിൽ ഒഴിവായത് ദുരന്തം
മലപ്പുറം: ഉമ്മയുടെ ശ്രദ്ധ ഒന്ന് മാറിയതേയുള്ളൂ. രണ്ട് വയസ്സുകാരൻ ഓടിയെത്തിയത്
റോഡിൽ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ നടുവിലേക്ക്. കാർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം തിരികെ കിട്ടിയത് ആ കുരുന്നിന്റെ ജീവൻ
. ചങ്ങരംകുളം പള്ളിക്കര സ്വദേശി റാഷിദിന്റെ മകൻ ഹൈസിൻ മാലിക്കാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പടിഞ്ഞാറങ്ങാടിയിലെ ക്രോക്കറി ഷോപ്പിലേക്ക് സാധനങ്ങൾ വാങ്ങാൻ ഉമ്മയ്‌ക്കും മുത്തശ്ശിക്കുമൊപ്പം എത്തിയതായിരുന്നു കുട്ടി. സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനിടയിൽ അവരുടെ കണ്ണു വെട്ടിച്ച് റോഡിലേക്ക് ഓടുകയായിരുന്നു. അതുവഴിവന്ന കാർ ഡ്രൈവർ ഷഹൽ തൽ സമയം വാഹനം നിയന്ത്രിച്ച് നിറുത്തി.. എങ്കിലും കാറിന്റെ ഒരു ഭാഗം തട്ടി വലത് കാലിന് പൊട്ടലേറ്റു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് വീട്ടുകാർ വിവരമറിയുന്നത്. ഉടനെ കാർ ഡ്രൈവർ കുട്ടിയെ പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് റോഡരികിൽ നിൽക്കുന്നത് ദൂരെ നിന്നും കണ്ടിരുന്നെന്നും അപ്രതീക്ഷിതമായാണ് റോഡിലേക്ക് ഓടിക്കയറിയതെന്നും ഡ്രൈവർ പറഞ്ഞു. എറണാകുളം സ്വദേശിയായ കാറുടമ സ്പെയർ പാർട്ട്സ് വാങ്ങാൻ പോവുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം കുട്ടി ആശുപത്രി വിട്ടു. ആലങ്കോട് എ.എൽ.പി സ്സൂളിലെ അദ്ധ്യാപിക ഫസ്നയാണ് കുട്ടിയുടെ മാതാവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |