SignIn
Kerala Kaumudi Online
Saturday, 01 August 2026 2.00 AM IST

കോടിയേരി സ്മാരക നിർമ്മാണം, ഫണ്ട് വെട്ടിച്ച ലോക്കൽ സെക്രട്ടറി പുറത്ത്

local-

കണ്ണൂർ: അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിനായി കണ്ണൂർ ടൗൺ ഈസ്റ്റ് സി.പി.എം ലോക്കൽ കമ്മിറ്റി സമാഹരിച്ച ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ ലോക്കൽ സെക്രട്ടറി ഇ. രമേശനെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്. തുടർന്ന് ചേർന്ന ലോക്കൽ കമ്മിറ്റിയിൽ ഇത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.

ഏരിയ കമ്മിറ്റി അംഗവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി. പ്രശാന്തനെ പുതിയ ലോക്കൽ സെക്രട്ടറിയായി ചുമതലപ്പെടുത്തി. 2023ലാണ് കോടിയേരിയുടെ പേരിലുള്ള സ്മാരക മന്ദിരത്തിനായി കണ്ണൂർ തെക്കി ബസാറിൽ പഴയ കെട്ടിടവും സ്ഥലവും വാങ്ങിയത്. ഏകദേശം എഴുപത് ലക്ഷം ചെലവിട്ട ഇടപാടിൽ, ലോക്കൽ സെക്രട്ടറി എന്ന പദവിയിൽ ഭൂമി രജിസ്റ്റർ ചെയ്യേണ്ടിടത്ത് രമേശൻ സ്വന്തം പേരിലാണ് രജിസ്റ്റർ ചെയ്തത്. ഈ വസ്തു പിന്നീട് ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുത്തു.

നേതൃത്വത്തിന്റെ അറിവോടെയാണ് ബാങ്ക് വായ്പയ്ക്കായി തന്റെ പേരിൽ രജിസ്റ്റർ ചെയ്തതെന്നാണ് രമേശന്റെ വിശദീകരണം. അന്വേഷണത്തെ നേരിടാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. നടപടിക്ക് വിധേയനായ രമേശൻ ഏരിയ സെക്രട്ടറി കെ.പി. സുധാകരന്റെ അളിയനാണ്. ഈ ബന്ധുത്വം ചൂണ്ടിക്കാട്ടി,ക്രമക്കേട് ഏരിയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നോ എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ സജീവമാണ്.

ക്രമക്കേടിന്റെ വ്യാപ്തി കണ്ടെത്താൻ പാർട്ടി രണ്ടംഗ കമ്മിഷനെ നിയോഗിച്ചു. കെ.കെ. രാഗേഷ് ജില്ലാ സെക്രട്ടറിയായ ശേഷം കണ്ണൂരിൽ പാർട്ടി നേരിടുന്ന രണ്ടാമത്തെ ഫണ്ട് വിവാദമാണിത്.

കൂപ്പണിലും

ദുരൂഹത

ഫണ്ട് സമാഹരണത്തിന് വിവിധ മാർഗങ്ങളാണ് സ്വീകരിച്ചത്. കാർ സമ്മാനമായി വാഗ്ദാനം ചെയ്ത് 500 രൂപ വിലയുള്ള കൂപ്പണുകൾ വിറ്റഴിച്ചു. 'കാഴ്ച' എന്ന പേരിൽ നഗരത്തിൽ പ്രദർശനവിപണന മേള,സഹകരണ ബാങ്ക് ജീവനക്കാരിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും വൻതുക പിരിച്ചെടുത്തു. എന്നാൽ ഇവയൊന്നിനും കൃത്യമായ കണക്കില്ലെന്നും പാർട്ടി പരിശോധനയിൽ വ്യക്തമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA