
കൊച്ചി: മൂർച്ചയുള്ള വാക്കുകൾ കൊണ്ട് അപ്രിയ സത്യങ്ങൾക്കു തീച്ചൂട് പകർന്ന മലയാളത്തിന്റെ പ്രിയ കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിന് നിത്യവസന്തം സമ്മാനിച്ച് 69ാം പിറന്നാളും കടന്നു പോയി. പേരിലെ 'ബാലൻ" പ്രായത്തിലും...മലയാളത്തിന്റെ ക്ഷുഭിത യൗവ്വനം പ്രായത്തിന്റെ കടിഞ്ഞാണില്ലാതെ മുന്നോട്ട്. അക്ഷരങ്ങളുടെ പൂക്കാലമൊഴിയാതെ.
ഒരു തുള്ളി കഞ്ഞിവെള്ളത്തിന്റെ വിലയറിഞ്ഞവന് വലിയ സ്വപ്‌നങ്ങളുടെ ഭാരം ചുമക്കാനാവില്ലെന്ന് ജീവിതാനുഭവങ്ങളിൽ നിന്ന് അദ്ദേഹം പഠിച്ചിട്ടുണ്ട്. 1957 ജൂലായ് 30 ന് വടക്കൻ പറവൂരിനടുത്തുള്ള നന്ത്യാട്ടുകുന്നത്ത് ചുള്ളിക്കാട് കുടുംബത്തിലാണ് ജനനം. പിറന്നാൾ ദിവസവും, ഇന്നലെയും ഡബിംഗിന്റെ തിരക്കിലായിരുന്നു. സർക്കാർ സർവീസിൽനിന്ന് വിരമിച്ചശേഷം എഴുത്തിലും അഭിനയത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒരാഘോഷവും ഇല്ലാത്തതാണ് ചുള്ളിക്കാടിന്റെയും ഭാര്യ കവയിത്രി വിജയലക്ഷ്മിയുടെയും പിറന്നാൾ ആഘോഷം. ആശംസ നേരാൻ,ഏറ്റവും അടുപ്പമുള്ള സുഹൃത്ത് ഡോ. കെ.എസ്. രാധാകൃഷ്ണൻ പോലും വിളിച്ചില്ല. അദ്ദേഹവും ജന്മദിനം ആഘോഷിക്കാറില്ല. ഇരുവർക്കും 50 വർഷം പിന്നിട്ട ആത്മ ബന്ധം. ചുള്ളിക്കാടിന്റെ ഏക മകൻ അപ്പു വിദേശത്താണ്.
എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ബാലചന്ദ്രൻ, പ്രണയിനി വിജയലക്ഷ്മിയെ ജീവിത സഖിയാക്കുകയായിരുന്നു. ആർഭാടങ്ങളെ ഒഴിവാക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. 1999ൽ ചുള്ളിക്കാട് ബുദ്ധമതം സ്വീകരിച്ചു.
പട്ടിണിയും അവഗണനയും ആവോളം അനുഭവിച്ച കവി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ വിമർശിച്ചവരേറെയാണ്. 'എന്താ എഴുത്ത് വിട്ടോ" എന്നു ചോദിച്ചവരോട്, അക്ഷരങ്ങൾ എനിക്ക് ജീവനും അഭിനയം ജീവിത മാർഗവുമാണ് എന്നായിരുന്നു മറുപടി. വിമർശനങ്ങൾക്ക് അതിലും മൂർച്ചയോടെ മറുപടി നൽകി. സുഖിപ്പിക്കാനായി വെറുതേ പുകഴ്ത്തുന്നവരോടും ഇതേ സമീപനം തന്നെ. ജീവിതം നിറഞ്ഞുനിൽക്കുന്ന കവിതകളിലും ലേഖനങ്ങളിലും എല്ലാ ഉത്തരങ്ങളുമുള്ളപ്പോൾ ചോദ്യങ്ങൾ അപ്രസക്തം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |