SignIn
Kerala Kaumudi Online
Sunday, 06 September 2026 2.29 AM IST

രാമനാട്ടുകര ബീവറേജിലെ മോഷണം: പ്രതി ഡൽഹിയിൽ പിടിയിൽ

1

കോഴിക്കോട്: ബീവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ടുതകർത്ത് 2.60 ലക്ഷം രൂപ കവർന്ന കേസിൽ കാരാട് പുല്ലാലയിൽ ഷിജിൽ (26) ഡൽഹിയിൽ പിടിയിൽ. മഹിപാൽപുരിൽ നിന്നാണ് ഫറോക്ക് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇയാളെ സാഹസികമായി പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ ഫറോക്ക് അസി. കമ്മിഷണർ എ. പ്രേമജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് സ്ക്വാഡും എസ്.ഐ. മിഥുനിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് അന്വേഷണം നടത്തിയത്.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഔട്ട്‌ലെറ്റ് അവധിയായിരുന്ന രാത്രിയിലാണ് മോഷണം നടന്നത്. രാമനാട്ടുകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ കയറിയ പ്രതി പുറത്ത് ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും കുടയും മോഷ്ടിച്ചു. ഈ വസ്ത്രം ധരിച്ചും കുടകൊണ്ട് മുഖം മറച്ചുമാണ് പിന്നീട് ഔട്ട്‌ലെറ്റിലെത്തിയത്. സി.സി.ടി.വി. ക്യാമറകളുടെ ദിശ തിരിച്ചുവച്ച ശേഷമായിരുന്നു മോഷണം. അന്യസംസ്ഥാന തൊഴിലാളികളുടെ വസ്ത്രവും കുടയും ഉപയോഗിച്ച് അന്വേഷണം അവരുടെ നേർക്ക് തിരിച്ചുവിടുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

മോഷണത്തിന് ശേഷം പാലക്കാട് വഴി ഡൽഹിയിലേക്ക് കടന്ന പ്രതി അവിടെ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. വിവിധ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ അഞ്ച് വാറണ്ടുകളും നിലവിലുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ വിവിധയിടങ്ങളിൽ ഒളിച്ചുതാമസിച്ചിരുന്നതിനാൽ പ്രതിയെ കണ്ടെത്തുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു. നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും ചെയ്താണ് അന്വേഷണസംഘം ഷിജിലിനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ പ്രതി ഡൽഹിയിലുണ്ടെന്ന് കണ്ടെത്തി. അന്വേഷണസംഘം ഡൽഹിയിലെത്തി മഹിപാൽപുരിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA