
തിരുവനന്തപുരം: പാചക വാതക സിലിണ്ടറുകൾക്ക് നിലവിൽ ക്ഷാമമില്ല. പക്ഷേ, ക്ഷാമകാലത്ത് ആ പേരിൽ ഹോട്ടലുകൾ കുത്തനെക്കൂട്ടിയ ഭക്ഷണവില കുറയ്ക്കാൻ തയ്യാറായിട്ടില്ല. പൊള്ളും വിലയിൽ വലയുകയാണ് ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർ. ചായയ്ക്ക് 12-15 രൂപവരെയാണ് കൂട്ടിയത്. സാദാ വെജിറ്റേറിയൻ ഊണിന് 90-140 വരെ. മുമ്പ് ചിക്കൻ വില ഉയർന്നപ്പോൾ ചിക്കൻ വിഭവങ്ങളുടെ വില കൂട്ടിയിരുന്നു. ചിക്കൻ വില കുറഞ്ഞിട്ടും വിഭവങ്ങളുടെ വില അതേപടി തുടരുകയാണ്. തട്ടുകടകളിൽപോലും വിലയ്ക്ക് മാറ്റമില്ല.
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ പാചകവാതക ക്ഷാമം അതി രൂക്ഷമായിരുന്നപ്പോൾ പല ഹോട്ടലുകളും അടച്ചുപൂട്ടിയിരുന്നു. തുറന്നു പ്രവർത്തിച്ചവയാകട്ടെ ഭക്ഷണവില കൂട്ടുകയും ചെയ്തിരുന്നു. വിറകടുപ്പിലായിരുന്നു പാചകവും. ഇന്ന് സ്ഥിതി മാറി. പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും ഏതാണ്ട് മാറ്റി. പഴയ സ്ഥിതിയിലേക്ക് ഏതാണ്ട് ഗ്യാസ് വിതരണം എത്തിയിട്ടും ഹോട്ടൽ ഭക്ഷണവിലയിൽ കുറവു വന്നിട്ടില്ല.
ഇക്കാര്യത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ അധികൃതരും തയ്യാറാകുന്നില്ലെന്നാണ് പരാതി. ഒരേ തരത്തിലുള്ള വിഭവങ്ങൾക്ക് പല ഹോട്ടലുകളിലും പല വിലയുമാണ്. അതിന് ഏകീകൃത വില സംവിധാനം കൊണ്ടുവരാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
മസാൽ ദോശയ്ക്ക് 100
ചിക്കൻ കറിക്ക് 250
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലടക്കം ഒരു മസാല ദോശയ്ക്ക് 100 രൂപയാണ് ഈടാക്കുന്നത്. ചിക്കൻ കറിക്കാകട്ടെ 250 രൂപ. ചിക്കൻ പെരട്ടിന് 215, ബട്ടർ ചിക്കന് 290, മറ്റ് ചിക്കൻ വിഭവങ്ങൾക്ക് 300- 400 രൂപവരെ. ഒരു ദോശയ്ക്ക് 12 രൂപ, പൊറോട്ടയ്ക്ക് 15 രൂപ, സിംഗിൾ ഓംലെറ്റിന് 20 രൂപ.
ഓൺലൈൻ ഡെലിവറിയിലും
ഉയർന്ന വില!
ഓൺലൈൻ ഡെലിവറിയിൽ ചെറിയ ഓർഡറുകൾക്കുപോലും ഉയർന്ന ഡെലിവെറി ചാർജ് ഈടാക്കുന്നുവെന്നും പരാതിയുണ്ട്. 250 രൂപയുടെ ചിക്കൻ കറിക്ക് ഡെലിവറി ചാർജ് ഉൾപ്പെടെ ഈടാക്കുന്നത് 350 രൂപ. കൂടുതൽ വിഭവങ്ങൾ ഓർഡർ ചെയ്താൽ താങ്ങാനാവാത്ത നിലയിലാണ് ചാർജ് ഈടാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |